‘താന്‍ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല; അതിനാല്‍ ഉള്ളിയുടെ വില അറിയില്ല’; ധനമന്ത്രിക്ക് പിന്നാലെ സമാന പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വനി ചൗബേ

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുന്നതിനിടയില്‍ താന്‍ ഉള്ളി കഴിക്കാറില്ലെന്നു പറഞ്ഞ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തിന് എതിരെ വിമര്‍ശനം ഉയരുന്നതിനിടെ സമാന പ്രസ്താവനയുമായി കേന്ദ്രമന്ത്രി. താന്‍ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെ ഉള്ളിവിലയെക്കുറിച്ച് അറിയുമെന്നുമായിരുന്നു കേന്ദ്രമന്ത്രി അശ്വനി ചൗബേ പ്രതികരിച്ചത്.

”ഞാന്‍ ഒരു വെജിറ്റേറിയനാണ്. എന്നാല്‍ ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല. അപ്പോള്‍ എന്നെപ്പോലെ ഒരാള്‍ എങ്ങനെ ഉള്ളിയുടെ വിലയെക്കുറിച്ച് അറിയും? ” ഉള്ളിവിലയെക്കുറിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ചൗബേയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു താന്‍ ഉള്ളി കഴിക്കാറില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. ‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’ -മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. ഇതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സമാന പ്രസ്താവന നടത്തി കേന്ദ്രമന്ത്രി രംഗത്ത് വന്നത്.

Exit mobile version