ന്യൂഡല്‍ഹി: ദിനംപ്രതി ഉള്ളി വില കുതിച്ചു കയറുകയാണ്. രാജ്യത്ത് ഉള്ളി ഇപ്പോള്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ കുതിച്ചു കയറുന്ന ഉള്ളി വിലയില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്‌സഭയിലാണ് നേതാവ് പ്രതികരിച്ചത്. ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു നേതാവിന്റെ പ്രതികരണം.
‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്’ ധനമന്ത്രി പറയുന്നു. മന്ത്രിയുടെ വാക്കുകള്‍ സഭയിലെ മറ്റ് അംഗങ്ങളില്‍ ചിരി പടര്‍ത്തി. ഉള്ളി കൂടുതല്‍ കഴിക്കുന്നത് പ്രകോപനത്തിന് ഇടയാക്കുമെന്നും ഇതിനിടെ ഒരു സഭാംഗം പറയുകയുണ്ടായി. രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികള്‍ ധനമന്ത്രി വിശദീകരിക്കവേയാണ് മന്ത്രിയുടെ വാക്കുകള്‍.
കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളില്‍ നിന്ന് രാജ്യത്ത് ഉള്ളി കുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു. തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്ത്ക്കൊണ്ടിരിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇടപാടുകളില്‍ നിന്ന് ദല്ലാള്‍മാരേയും ഇടനിലക്കാരേയും പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.