നിര്‍ഭയ കേസ്; ഘാതകരുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ ഇല്ല, തെരഞ്ഞ് പിടിക്കാന്‍ പോലീസ്

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗ കേസാണ് നിര്‍ഭയ. നടുക്കിയ സംഭവം വര്‍ഷം ഏഴ് പിന്നിട്ടിട്ടും ആ സംഭവങ്ങള്‍ ഇന്നും ഓരോ പൗരനിലും ഇപ്പോഴും ഞെട്ടല്‍ ഉളവാക്കുന്നതാണ്. കേസിലെ പ്രതികളുടെ വധശിക്ഷ വൈകില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പ് വന്നിരുന്നു. പ്രതികള്‍ക്ക് വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി നല്‍കാന്‍ അവസരം വന്നിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വഴി തെളിഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഈ വധശിക്ഷ പ്രതിസന്ധിയിലായിരിക്കുകയാണ്. വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാര്‍ ഇല്ല എന്നതാണ് അധികൃതരെ വലയ്ക്കുന്നത്. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ആരാച്ചാര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റ് ഭീകരാക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സന്ദര്‍ഭത്തിലും സമാനമായ സാഹചര്യം നിലനിന്നിരുന്നു. ആരാച്ചാരെ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഒരു ജയില്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ലിവര്‍ വലിച്ച് വധശിക്ഷ നടപ്പാക്കിയത്.

തിഹാര്‍ ജയിലില്‍ ആരാച്ചാര്‍ പോസ്റ്റില്‍ സ്ഥിര നിയമനമില്ല. വധശിക്ഷ അപൂര്‍വ്വമായതിനാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യഘട്ടത്തില്‍ ആളുകളെ നിയോഗിക്കുകയാണ് നിലവിലെ രീതി. ഇതു തന്നെയാണ് ഇന്ന് പ്രതിസന്ധിക്ക് കാരണമായത്. നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാം സിംഗ് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

Exit mobile version