അയോധ്യ; ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്, അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഒഴിവാക്കി. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി ഭരണഘടന ബെഞ്ചില്‍ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു.

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ധവാനെ ഒഴിവാക്കിയത്. രാജീവ് ധവാന്‍ തന്നെയാണ് കേസില് നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അതെസമയം തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് രാജീവ് ധവാന്‍ വ്യക്തമാക്കുന്നത്. അയോധ്യകേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിന് മുമ്പ് തന്റെ അഭിപ്രായം ആരായാന്‍ പോലും തയ്യാറായില്ലെന്നും ധവാന്‍ കുറിപ്പില്‍ സൂചിപ്പിക്കുന്നു.

അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ജമായത്ത് ഉലമ ഹിന്ദ് കഴിഞ്ഞ ദിവസം പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. കേസിലെ ആദ്യ കക്ഷിയുടെ പിന്തുടര്‍ച്ചക്കാരനായ മൗലാനാ സയിദ് അസ്സാദ് റാഷിദി മുഖേനയാണ് ജമായത്ത് ഉലമ ഐ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് 217 പേജുള്ള ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയത് പുനഃപരിശോധിക്കണം. പള്ളി പൊളിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കണം. പള്ളി പണിയുന്നതിനു മുസ്ലിംങ്ങള്‍ക്ക് പകരം ഭൂമി നല്‍കണം എന്നിവയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഇതിനെതിരെയാണ് ജമായത്ത് ഉലമ ഹിന്ദ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Exit mobile version