2024-ഓടെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തു നിന്നും പുറത്താക്കും; അമിത് ഷാ

റാഞ്ചി: 2024-ഓടെ ദേശീയ പൗരത്വപ്പട്ടിക (എന്‍ആര്‍സി) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഗോത്രവര്‍ഗക്കാരായ ദളിതുകള്‍ക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാര്‍ക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പാകിസ്താനില്‍നിന്ന് ആര്‍ക്കും വന്ന് ഇന്ത്യയില്‍ സ്‌ഫോടനം നടത്താമായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കീഴില്‍, ഉറി, പുല്‍വാമ ആക്രമണങ്ങള്‍ക്ക് പാകിസ്താനില്‍ക്കടന്നു പകരംവീട്ടി ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തുവെന്നും അമിത് ഷാ വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ ഒട്ടേറെ ജവാന്മാര്‍ അതിര്‍ത്തികാക്കുന്നവരാണ്.അതിനാല്‍ ദേശീയവിഷയങ്ങള്‍ക്കും സംസ്ഥാനത്ത് പ്രധാന്യമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അഞ്ചുഘട്ടങ്ങളായാണ് ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ശനിയാഴ്ചയാണ്.

Exit mobile version