അയോധ്യ കേസിൽ പുനഃപരിശോധന ഹർജി നൽകി ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദ്; രാജീവ് ധവാനെ ഒഴിവാക്കി

ന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് ചൂണ്ടിക്കാണിച്ച് വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകിയ ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദ് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. നേരത്തെ ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദിനു വേണ്ടി ഭരണഘടന ബെഞ്ചിൽ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു. രാജീവ് ധവാൻ തന്നെയാണ് കേസിൽ നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ശാരീരിക അവശതകൾ ചൂണ്ടിക്കാണ്ടിയാണ് ധവാൻ വക്കാലത്ത് ഒഴിഞ്ഞത്.

അയോധ്യ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുൽ ഉലുമ എ ഹിന്ദിനു വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഇന്നലെ ഹർജി നൽകിയത്. സുപ്രീംകോടതി വിധി നീതിപൂർവ്വമുള്ളതായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും പുന:പരിശോധനാ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

പള്ളി പൊളിക്കൽ, കടന്നുകയറ്റ നടപടികൾ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിയിലുണ്ട്. നവംബർ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ കേസിൽ വിധി പറഞ്ഞത്.

അയോധ്യ കേസിൽ തുടക്കത്തിലെ ഹർജിക്കാരനായിരുന്ന എം സിദ്ദിഖിന്റെ പരമ്പരാഗത പിന്തുടർച്ച അവകാശി കൂടിയാണ് ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് പ്രസിഡന്റായ മൗലാന സയിദ് അസദ് റാഷിദി.

Exit mobile version