പത്താം വയസിൽ മനസിലുറച്ച പൈലറ്റ് സ്വപ്‌നത്തിന് ഒപ്പം ചരിത്രവും ചിറകിലേറി; നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ശിവാംഗി; അഭിമാനം

ഏഴിമല: ഒരു പൈലറ്റാകണമെന്ന കുട്ടിക്കാലത്തെ ആഗ്രഹത്തിന് പുറകെ നടക്കുമ്പോൾ ശിവാംഗി എന്ന പെൺകുട്ടി പോലും അറിഞ്ഞിരുന്നില്ല, ഒരുനാൾ തന്റെ സ്വപ്‌നം പൂവണയിമ്പോൾ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി നിൽക്കാനാകുമെന്ന്. ഇന്ത്യൻ നാവികസേനയിലേക്ക് ആദ്യത്തെ വനിതാ പൈലറ്റായി പറന്നുകയറാനായിരുന്നു ശിവാംഗിയുടെ നിയോഗം. ഇന്ത്യൻ നാവികസേനയ്ക്ക് തന്നെ അഭിമാനമായി, തിങ്കളാഴ്ച കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് സബ് ലെഫ്നന്റ് ശിവാംഗി ഇന്ത്യൻ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റെടുത്തു.

ശിവാംഗി പത്തുവയസ് മുതൽ ആഗ്രഹിക്കുന്ന കാര്യമായിരുന്നു ഒരു പൈലറ്റാകുക എന്നത്. കുട്ടിക്കാലത്ത് ഒരു മന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കണ്ടത് മുതലാണ് പൈലറ്റ് എന്ന മോഹം ശിവാംഗിയുടെ ഉള്ളിൽ മൊട്ടിട്ടത്. മുത്തച്ഛന്റെ വീട്ടിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു ശിവാംഗി. മന്ത്രിയെ കാണാൻ മുത്തച്ഛനൊപ്പം ശിവാംഗിയും പോയി. മന്ത്രി സ്റ്റൈലിൽ വന്നിറങ്ങിയ ഹെലികോപ്റ്റർ പൈലറ്റിനെ കണ്ട് അമ്പരക്കുകയായിരുന്നു ശിവാംഗി. ‘അന്ന് ഹെലികോപ്റ്റർ പറത്തുന്ന അയാളെ ഞാൻ ശ്രദ്ധിച്ചു. അത് വളരെ പ്രചോദനം നൽകുന്ന ഒന്നായിരുന്നു. അപ്പോൾ തന്നെ ഞാൻ മനസ്സിൽ കരുതി, ഏതെങ്കിലും ഒരു ദിവസം ഞാനും ഇതുപോലൊന്ന് പറപ്പിക്കും.’ തന്റെ കുട്ടിക്കാലം തൊട്ടുള്ള സ്വപ്നത്തെ കുറിച്ച് ശിവാംഗി പറയുന്നതിങ്ങനെ.

‘എനിക്കും മാതാപിതാക്കൾക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്.സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകൾ തികയുന്നില്ല. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ്. അവസാനം എന്റെ നെഞ്ചിൽ ഇത് ഇരിക്കുന്നു.’ പൈലറ്റ് ബാഡ്ജിൽ നെഞ്ചോട് ചേർത്ത് ശിവാംഗി പറഞ്ഞു. ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശിവാംഗി. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയ ശിവാംഗിക്ക് പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോർണിയർ ഓപ്പറേഷണൽ കൺവേർഷൺ കോഴ്സ് കൂടി പൂർത്തിയാക്കാനുണ്ട്.

സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പൂർത്തിയാക്കിയ ശിവാംഗി ഉപരിപഠനം നടത്തിയത് ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ്. പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നാവികസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബീഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ശിവാംഗി.

Exit mobile version