ഹിന്ദുത്വ ആശയങ്ങൾക്ക് ഒപ്പമാണ് എന്നും; ഉപേക്ഷിക്കില്ല; ശിവസേന പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഫഡ്‌നാവിസിന് വീട്ടിൽ ഇരിക്കേണ്ടി വരില്ലായിരുന്നു: ഉദ്ധവ് താക്കറേ

മുംബൈ: ശിവസേനയും താനും എന്നും ഹിന്ദുത്വ ആശയങ്ങൾക്ക് ഒപ്പമാണ് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങൾ ഉപേക്ഷിക്കില്ലെന്ന് നിയമസഭയിൽ സംസാരിക്കവെയാണ് ഉദ്ധവ് പറഞ്ഞത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരിക്കൽപ്പോലും ഫഡ്നവിസ് സർക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തനിക്ക് എതിരായിരുന്നവർ ഇപ്പോൾ തന്റെയൊപ്പമാണ്. ഒപ്പമുണ്ടായിരുന്നവർ എതിർപക്ഷത്തും. ഫഡ്നാവിസുമായുള്ള സൗഹൃദത്തെപ്പറ്റി തുറന്നു പറയാൻ മടിയില്ലെന്നും ദീർഘകാലമായി അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വിശദീകരിച്ചു. ഫഡ്‌നാവിസ് ശിവസേന പറഞ്ഞത് കേൾക്കാൻ തയ്യാറായിരുന്നുവെങ്കിൽ നിയമസഭാ നടപടികൾ ടെലിവിഷനിൽ കണ്ടുകൊണ്ട് തനിക്ക് വീട്ടിൽ ഇരിക്കേണ്ട ഗതികേട് വരില്ലായിരുന്നു എന്നും ഉദ്ധവ് പറഞ്ഞു.

ഭാഗ്യംകൊണ്ടും ജനങ്ങളുടെ അനുഗ്രഹം കൊണ്ടുമാണ് ഈ സ്ഥാനത്തെത്താൻ കഴിഞ്ഞത്. ഇവിടെ എത്തുമെന്ന് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പദത്തിൽ എത്താൻ കഴിഞ്ഞു. രാത്രിയുടെ മറവിൽ ഒന്നും ചെയ്യില്ലെന്ന് നിയമസഭയ്ക്കും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഉറപ്പ് നൽകുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

Exit mobile version