ഈജിപ്തിനു പുറമെ തുര്‍ക്കിയില്‍ നിന്നും; വിലക്കയറ്റം തടയാന്‍ 11,000 ടണ്‍ ഉള്ളി കൂടി ഇറക്കുമതി ചെയ്യുന്നു

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിയുടെ വില കത്തിക്കയറി കൊണ്ടിരിക്കുകയാണ്. ഉള്ളി വിലയില്‍ വന്‍ കയറ്റം വന്നതോടെ ഉള്ളി വിഭവങ്ങള്‍ക്ക് തല്‍ക്കാലം വിടപറഞ്ഞിരിക്കുകയാണ് ഹോട്ടല്‍ ഉടമകളും. ഈ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ വീണ്ടും ഉള്ളി ഇറക്കുമതിക്ക് ഇറങ്ങിയിരിക്കുകയാണ്. തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ ആണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടണ്‍ ഉള്ളിക്കു പുറമെയാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് വിവരം. ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെയും എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഉള്ളിയുടെ ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉല്‍പാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയിരിക്കുന്നത്.

Exit mobile version