ക്ഷണിച്ചത് കോർപ്പറേഷൻ ശുചീകരണ തൊഴിലാളി ഒഴിവിലേക്ക്; അപേക്ഷിച്ചവർ എഞ്ചിനീയർമാരും ബിരുദധാരികളും

കോയമ്പത്തൂർ: കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കോയമ്പത്തൂർ കോർപ്പറേഷൻ പോലും വിചാരിച്ചുകാണില്ല, ഇത്രയേറെ ഉയർന്ന യോഗ്യതയുള്ളവരുടെ അപേക്ഷ വരുമെന്ന്. കോയമ്പത്തൂർ കോർപ്പറേഷൻ 549 ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ അപേക്ഷിച്ചതിലേറെയും എഞ്ചിനീയർമാരും ബിരുദധാരികളും. കൂടാതെ ഡിപ്ലോമയുള്ളവരടക്കം നിരവധി പേർ അപേക്ഷിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളികൾ ഗ്രേഡ് വൺ എന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇതിൽ അഭിമുഖത്തിന് എത്തിയവരിൽ 70 ശതമാനം പേരും പ്രാഥമിക യോഗ്യതയായ എസ്എസ്എൽസി പൂർത്തീകരിച്ചവരാണ്. അതിലേറെയും എഞ്ചിനീയർമാരും ബിരുദാനന്തര ബിരുദമുള്ളവരും ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമാണെന്ന് അധികൃതർ പറഞ്ഞു.

12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വർധനവോ ജോലി സുരക്ഷയോ ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പടെയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കോർപ്പറേഷനിനെ ശുചീകരണ തൊഴിലാളികൾക്ക് രാവിലെ മൂന്ന് മണിക്കൂറും വൈകുന്നേരം മൂന്ന് മണിക്കൂറും മാത്രമാണ് ജോലി ചെയ്യേണ്ടത്. ഇതിനിടയിൽ മറ്റ് ചെറു ജോലികളിൽ ഏർപ്പെടാം എന്നുള്ളതും ഈ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആകർഷിച്ചിട്ടുണ്ടാകുമെന്ന് അധികൃതർ പറയുന്നു.

അപേക്ഷിച്ചവരിൽ ചിലർ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. എങ്കിലും 15,700 രൂപ ശമ്പളമുള്ള സർക്കാർ ജോലിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. ബിരുദമുള്ള നിരവധി പേർ അവരുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാൽ സ്വകാര്യ കമ്പനികളിൽ 6000-7000 മാസ ശമ്പളത്തിന് ജോലി ചെയ്യുന്നതും പതിവാണ്.

Exit mobile version