ജനങ്ങള്‍ ബിജെപിയെ ഉപേക്ഷിക്കുകയാണെന്ന സന്ദേശമാണ് ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയുടെ അമിതമായ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനു കിട്ടിയ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളും ത്രിണമൂല്‍ നേടിയ സാഹചര്യത്തിലായിരുന്നു
മമതയുടെ പ്രതികരണം.

‘ബിജെപിക്ക് അമിതമായ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. ‘ധാര്‍ഷ്ട്യവും അഹംഭാവവും നല്ലതല്ല.ചിലപ്പോള്‍ അവര്‍ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് പറയുന്നു. മറ്റുചിലപ്പോള്‍ ജനങ്ങളെ കുടിയിറക്കുമെന്നും അവര്‍ക്ക് പൗരത്വാവകാശം നല്‍കുമെന്നും പറയുന്നു. തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ജനങ്ങള്‍ ബിജെപിയെ ഉപേക്ഷിക്കുകയാണ്’, മമതാ ബാനര്‍ജി പറഞ്ഞു.

ബംഗാളിലെ കാളിയഗഞ്ച്, ഖരഗ്പുര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയക്കൊടി പാറിച്ചത്. സിറ്റിങ് സീറ്റായ കരിംപുരില്‍ വിജയിച്ചതിനൊപ്പം ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഓരോ സിറ്റിങ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഖരഗ്പുര്‍ ബിജെപിയുടേയും കാളിയഗഞ്ച് കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. കളിയഗഞ്ചിലും ഖരഗ്പുറിലും ആദ്യമായിട്ടാണ് ഒരു തൃണമൂല്‍ സ്ഥാനാര്‍ത്ഥി ജയിക്കുന്നത്.

കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രമതനാഥ് റായ് മരിച്ചതിനെ തുടര്‍ന്നാണ് കാളിയഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ നേതാവ് മെഹുവ മൊയ്ത്രയെ ലോക്സഭാ അംഗമായി തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് കരിംപുറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ ഖരഗ്പൂര്‍ സദര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ദിലിപ് കുമാര്‍ ഘോഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Exit mobile version