26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കൊന്ന് കത്തിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു, നടുക്കം

തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്

ഹൈദരാബാദ്: ഹൈദരബാദില്‍ 26കാരിയായ യുവ വെറ്ററിനറി ഡോക്ടറെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊല്ലൂര്‍ താലുക്ക് വെറ്ററിനറി ആശുപത്രിയിലാണ് 26കാരിയായ പ്രിയങ്ക ജോലി ചെയ്തിരുന്നത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴി ഷാദ്‌നഗറില്‍ വച്ച് പ്രിയങ്കയുടെ ഇരുചക്ര വാഹനത്തിന്റെ ടയര്‍ പഞ്ചറായിരുന്നു.

തുടര്‍ന്ന് ടയര്‍ നന്നാക്കി നല്‍കാമെന്ന് ഒരാള്‍ പറഞ്ഞതായി പ്രിയങ്കയുടെ സഹോദരി ഭവ്യയോട് ഫോണ്‍ വിളിച്ച് പറഞ്ഞു. രാത്രി 9.15 ഓടെയാണ് പ്രിയങ്ക സഹോദരി ഭവ്യയെ ഫോണ്‍ വിളിച്ചത്. സ്ഥലത്ത് നിരവധി ട്രക്കുകളും അപരിചിതരായ ആളുകളും ഉണ്ടെന്നും തനിക്ക് ഭയമാകുന്നുണ്ടെന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞു. അതേസമയം കുറച്ച് ദൂരം ചെന്നാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും പേടിയാണെങ്കില്‍ വാഹനം ടോള്‍ ഗേറ്റിന് അരികില്‍ വെച്ചിട്ട് വീട്ടിലേക്ക് വരാന്‍ സഹോദരി പറഞ്ഞു.

എന്നാല്‍ കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഭവ്യ പ്രിയങ്കയെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പ്രിയങ്ക വീട്ടില്‍ എത്തേണ്ട സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 7.30 ഓടെ ഷാദ്‌നഗറില്‍ പാലത്തിന് താഴെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് പ്രിയങ്ക തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞത്. ഇത് ചെയ്തത് ആരാണെങ്കിലും പ്രതികളെ തൂക്കികൊല്ലണമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം പ്രിയങ്കയുടെ വാഹനവും കാണാതായിട്ടുണ്ട്. സംഭവത്തില്‍ കൊലയാളികളെ കണ്ടെത്താനായി 10 അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Exit mobile version