ആശങ്ക വേണ്ട; ഈജിപ്തില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ നീക്കം

വിപണിയില്‍ നിലവില്‍ ഉള്ളിക്ക് നൂറു രൂപയാണ് വില

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില ക്രമാതീതമായി വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്ന് വില നിയന്ത്രിക്കാന്‍ ഈജിപ്തില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ നീക്കം. പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയാണ് 6090 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യുക. ഈജിപ്തില്‍ നിന്ന് കയറ്റുമതി ചെയ്ത ഉള്ളി ഉടന്‍ തന്നെ മുംബൈ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിയില്‍ നിലവില്‍ ഉള്ളിക്ക് നൂറു രൂപയാണ് വില. ഉള്ളി വില ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡിലൂടെയാണ് വിപണില്‍ എത്തിക്കുക.

രാജ്യത്ത് ഉള്ളി ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പെയ്ത മഴയില്‍ കൃഷി നശിച്ചതാണ് ഉള്ളി വില ഇത്രയും കൂടാന്‍ കാരണം. അതേസമയം ഉള്ളിക്ക് പുറമെ മുരിങ്ങാക്കായുടെ വിലയും വര്‍ധിച്ചു. ഒരു കിലോ മുരിങ്ങാക്കായ്ക്ക് 350 രൂപയാണ് വില.

Exit mobile version