മുഴുവൻ എൻസിപി എംഎൽഎമാരുടേയും പിന്തുണയുണ്ട്; എന്നാൽ വിശ്വാസ വോട്ട് രണ്ടാഴ്ച് കഴിഞ്ഞ് മതിയെന്ന് ബിജെപി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ എൻസിപി എംഎൽഎമാരുടേത് ഉൾപ്പടെ 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ബിജെപിയുടെ അവകാശവാദം. എന്നാൽ വിശ്വാസവോട്ടെടുപ്പ് ഉടൻ വേണമെന്ന ആവശ്യത്തെ സുപ്രീംകോടതിയിൽ ശക്തമായി എതിർക്കുകയും ചെയ്തു. എൻസിപിയുടെ 54 എംഎൽഎമാരുടെയും സ്വതന്ത്രരുടേയും പിന്തുണ ബിജെപിക്കുണ്ടെന്നാണ് ഫഡ്നാവിസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്ത കോടതിയെ അറിയിച്ചത്. അജിത് പവാർ ഗവർണക്കയച്ച കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു എൻസിപിയുടെ പിന്തുണ ബിജെപി അവകാശപ്പെട്ടത്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം ബിജെപി ശക്തമായി എതിർക്കുകയും ചെയ്തു. 14 ദിവസം തങ്ങൾക്ക് ഗവർണർ നൽകിയിട്ടുണ്ടെന്നും കോടതി ഇതിൽ ഇടപെടരുതെന്നുമാണ് കേന്ദ്ര സർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ആവശ്യപ്പെട്ടത്. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം മതി വിശ്വാസ വോട്ടെടുപ്പെന്നും ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും റോഹ്ത്തഗി ആവശ്യപ്പെട്ടത് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പിനെ നേരിടാൻ ആവശ്യമായ സമയം നീട്ടികിട്ടാൻ വേണ്ടിയാണ്. എന്നാൽ കോടതി ഇക്കാര്യത്തിൽ നാളെ എടുക്കുന്ന തീരുമാനം നിർണായകമാകും. 105 എംഎൽഎമാരുള്ള ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പിൽ ജയിക്കാൻ നിലവിൽ വേണ്ടത്ര പിന്തുണയില്ല. സ്വതന്ത്രർ പിന്തുണച്ചാലും മറ്റു കക്ഷികളിൽ നിന്നുള്ളവരുടെ പിന്തുണ വേണ്ടിവരുമെന്നുറപ്പാണ്. അജിത് പവാറിനെ ഒപ്പം കൂട്ടിയെങ്കിൽ അദ്ദേഹമടക്കം മൂന്ന് പേർ മാത്രമാണ് ഇപ്പോൾ ബിജെപിയുടെ പാളയത്തിലുള്ളത്.

നിയസഭാ കക്ഷി നേതാവായിരുന്ന സന്ദർഭത്തിൽ അജിത് പവാറിന് എൻസിപി എംഎൽഎമാർ ഒപ്പിട്ടു നൽകിയ കത്താണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഈ കത്തിൽ ബിജെപിയെ പിന്തുണക്കുന്നെന്ന് പറഞ്ഞിട്ടില്ലെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version