വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിച്ചു; വാതില്‍ കൊട്ടിയടച്ച് അധികാരികള്‍, ദളിത് യുവാവും കുടുംബവും നേരിട്ടത് കടുത്ത അപമാനം, അന്വേഷത്തിന് ഉത്തരവിട്ട് മന്ത്രി

മന്ത്രി തുളസിറാം സിലാവത്താണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഭോപ്പാല്‍: വിവാഹ ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദളിത് യുവാവിനും കുടുംബത്തിനും കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. സംഭവത്തില്‍ ഇപ്പോള്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലാണ് രാജ്യത്തിന് തന്നെ മാനക്കേടാകുന്ന സംഭവം നടന്നത്.

മന്ത്രി തുളസിറാം സിലാവത്താണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴ്ചയാണ് കുടുംബം അപമാനം നേരിട്ടത്. ബിറോഡ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതില്‍ നിന്നാണ് ദളിത് യുവാവിനെയും കുടുംബത്തെയും തടഞ്ഞത്. ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാന്‍ അധികൃതര്‍ ക്ഷേത്ര വാതിലുകള്‍ അടച്ചതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തത്. ബന്ധപ്പെട്ട ഗ്രാമത്തിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Exit mobile version