അഴിമതിക്കെതിരായ ‘കയ്‌പേറിയ മരുന്ന്’ ചികിത്സയായിരുന്നു നോട്ട് നിരോധനം;കോണ്‍ഗ്രസ് പത്തു വര്‍ഷം കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ബിജെപി നാലു വര്‍ഷം കൊണ്ട് ചെയ്‌തെന്നും മോഡി!

ബാങ്കിങ് സംവിധാനത്തിലേക്കു കൃത്യമായി പണം കൊണ്ടുവരുന്നതിനും അഴിമതിക്കു ചികിത്സയുമായാണ് 'കയ്‌പേറിയ മരുന്നായി' നോട്ടുനിരോധം കൊണ്ടുവന്നത്.

ജാബുവ: ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിരുന്ന അഴിമതിക്കുള്ള കയ്‌പേറിയ മരുന്നുകൊണ്ടുള്ള ചികിത്സയാണ് താന്‍ കൊണ്ടുവന്ന നോട്ടുനിരോധനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. ബാങ്കിങ് സംവിധാനത്തിലേക്കു കൃത്യമായി പണം കൊണ്ടുവരുന്നതിനും അഴിമതിക്കു ചികിത്സയുമായാണ് ‘കയ്‌പേറിയ മരുന്നായി’ നോട്ടുനിരോധം കൊണ്ടുവന്നത്. രാജ്യത്തെ 14 കോടിയോളം ജനങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ വായ്പ നല്‍കി. യാതൊരു ഈടും വാങ്ങാതെ പ്രധാന്‍മന്ത്രി മുദ്ര യോജന പ്രകാരമാണിതെന്നും മോഡി വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ നാലു വര്‍ഷം കൊണ്ടു ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിനു പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തു ജനങ്ങളുടെ അവസ്ഥ എന്തായിരുന്നു? സംസ്ഥാനത്തിന്റെ പുരോഗതിയെപ്പറ്റിയായിരുന്നില്ല കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അവര്‍ സംസ്ഥാനത്ത് 1500 സ്‌കൂളുകളാണു നിര്‍മിച്ചത്. എന്നാല്‍ ബിജെപി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ 15 വര്‍ഷം കൊണ്ട് 4000 സ്‌കൂളുകള്‍ നിര്‍മ്മിച്ചു നല്‍കി. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതികളാണ് കേന്ദ്രം വിഭാവന ചെയ്യുന്നതെന്നും മോഡി പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.

Exit mobile version