സാങ്കേതികത്തകരാര്‍; മെട്രോ ട്രെയിന്‍ സര്‍വ്വീസ് മുടങ്ങി, യാത്രക്കാര്‍ അടുത്ത സ്റ്റേഷനിലേക്ക് പോയത് പാളത്തിലൂടെ നടന്ന്

ഹൈദരാബാദ്: മെട്രോ ട്രെയിന്‍ സര്‍വ്വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അടുത്ത സ്റ്റേഷനിലേക്ക് പോയത് മെട്രോ പാളത്തിലൂടെ നടന്ന്. ഹൈദരബാദിലെ നാഗോള്‍-ഹൈടെക്ക് സിറ്റി റൂട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം മെട്രോ ട്രെയിന്‍ സര്‍വ്വീസ് മുടങ്ങിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ അമീര്‍പേട്ട് സ്റ്റേഷനിലേക്ക് മെട്രോ പാളത്തിലൂടെ നടക്കേണ്ടി വന്നത്.

ട്രെയിനിലേക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഊര്‍ജം ലഭ്യമാക്കുന്ന പാന്റോഗ്രാഫ് ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് നാഗോള്‍-ഹൈടെക്ക് സിറ്റി റൂട്ടില്‍ മെട്രോ സര്‍വ്വീസ് തടസ്സപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പെരുവഴിയിലായ യാത്രക്കാര്‍ അമീര്‍പേട്ട് സ്റ്റേഷനിലേക്ക് മെട്രോ പാളത്തിലൂടെ നടക്കേണ്ടി വരികയും ചെയ്തു.

മെട്രോ ജീവനക്കാര്‍ മികച്ച രീതിയില്‍ സാഹചര്യത്തെ കൈകാര്യം ചെയ്‌തെന്നും യാത്രക്കാരെ ട്രെയിനില്‍ നിന്നിറങ്ങാന്‍ സഹായിച്ചതായും ട്രെയിന്‍ യാത്രക്കാരനായ സിരീഷ് മാര്‍ഷല്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് ഹൈദരാബാദ് മെട്രോ സര്‍വ്വീസില്‍ തകരാര്‍ സംഭവിക്കുന്നത്.

Exit mobile version