ഡല്‍ഹിയില്‍ വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ജലമെന്ന് റിപ്പോര്‍ട്ട്; പുതിയ പരിശോധനയ്ക്ക് ഉത്തരവിട്ട് സര്‍ക്കാര്‍

ജല ബോര്‍ഡ് വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിതരണത്തിനെത്തിക്കുന്ന ശുദ്ധജലം മോശമാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡോര്‍ഡ്‌സ് (ബിഐഎസ്) ന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളി. ജല ബോര്‍ഡ് വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനമായി. ഡല്‍ഹിയില്‍ വിതരണത്തിനെത്തിക്കുന്ന ശുദ്ധജലം ഗുണനിലവാരമില്ലാത്തതാണെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ശരിയല്ലെന്ന് ഉറച്ച് നിലപാടിലാണ് മുഖ്യമന്ത്രിയും ഡല്‍ഹി ജല ബോര്‍ഡും. ബിഐഎസിന്റെ റിപ്പോര്‍ട്ടിലെ തുടര്‍ന്ന് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനും മുഖ്യമന്ത്രിയും തമ്മില്‍ വാഗ്വാദമുണ്ടാവുകയും ചെയ്തു. റിപ്പോര്‍ട്ട് വിവാദമാവുകയും ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് പ്രത്യേക സംഘത്തെ ിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ജലം ശേഖരിച്ച് പരിശോധന നടത്താനായി 32 സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. പരിശോധന ഫലം ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. നഗരത്തിലെ 272 വാര്‍ഡുകളില്‍ നിന്ന് 5 സാംപിളുകള്‍ വീതം ശേഖരിച്ചാണ് പരിശോധന നടത്തുകയെന്ന് ജല ബോര്‍ഡിന്റെ മുഖ്യ ജലപരിശോധകന്‍ സഞ്ജയ് ശര്‍മ പറഞ്ഞു.

ഡല്‍ഹിയില്‍ വിതരണം ചെയ്യുന്നത് ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള ശുദ്ധജലമാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധന സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കൂടുതല്‍ വിദഗ്ധരെ കേന്ദ്ര സര്‍ക്കാര്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അഭ്യര്‍ഥിച്ചു.

Exit mobile version