കുതിച്ചുയരുന്ന വില നിയന്ത്രിക്കും; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സവാള എത്തിക്കാമെന്ന് ഭക്ഷ്യമന്ത്രി

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് സവാള എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പൊതുമേഖലാസ്ഥാപനമായ എംഎംടിസിയോട് ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

കരിഞ്ചന്തയിലേക്കുള്ള സവാളക്കടത്തും പൂഴ്ത്തിവെപ്പും തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സവാള വ്യാപാരികളുമായും മറ്റും നിരന്തരം യോഗങ്ങള്‍ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിനായി മൊത്തക്കച്ചവടക്കാര്‍ 500 ക്വിന്റലില്‍ കൂടുതലും ചില്ലറ കച്ചവടക്കാര്‍ നൂറു ക്വിന്റലില്‍ കൂടുതലും സവാള സ്റ്റോക്ക് ചെയ്യരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

ഇറാന്‍, അഫ്ഗാനിസ്താന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് സവാള സംഭരണത്തിനായി അടിയന്തരനിര്‍ദേശം നല്‍കിയതായും രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ സവാള ശേഖരിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version