ബംഗളൂരുവില്‍ രാത്രിയാത്ര പേടിക്കണം; കൊള്ള സംഘം പിന്നാലെയുണ്ട്, ജാഗ്രതൈ!

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര ഇപ്പോള്‍ പേടി സ്വപ്‌നമാകുന്നു. യാത്രാമധ്യേ വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ഹൈവേ കൊള്ള പതിവാകുന്നതാണ് മലയാളിയാത്രികരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നത്.

ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര ഇപ്പോള്‍ പേടി സ്വപ്‌നമാകുന്നു. യാത്രാമധ്യേ വാഹനങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ഹൈവേ കൊള്ള പതിവാകുന്നതാണ് മലയാളിയാത്രികരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നത്. രാത്രിയിലും പകല്‍പോലെ സജീവമായ ബംഗളൂരു നഗരം ഇപ്പോള്‍ കവര്‍ച്ചാഭീതിയിലാണ്.

രാത്രിയില്‍ ഓഫീസിലേക്ക് പോകുന്നവരെയും ദൂരസ്ഥലങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്നവരെയും ലക്ഷ്യമിടുന്ന കവര്‍ച്ചക്കാരാണ് യാത്രക്കാരുടെ പേടിസ്വപ്നം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കൊള്ള സംഘത്തിന്റെ പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30-ന് ജോലിക്കുപോകാനിറങ്ങിയ മലയാളി യുവാവിനെ ഷെയര്‍ ഓട്ടോയില്‍ യാത്ര വാഗ്ദാനംചെയ്ത് മൂന്നംഗസംഘം വ്യാഴാഴ്ച കവര്‍ച്ചചെയ്തതാണ് ഒടുവിലത്തെ സംഭവം. മാവേലിക്കര സ്വദേശി ഷെഫിന്‍ കോശി(26)യെയാണ് സംഘം കുത്തിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈലും കവര്‍ന്നത്.

ആളൊഴിഞ്ഞ വഴിയില്‍ തള്ളിയ ഷെഫിനെ പോലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യെലച്ചനഹള്ളിയില്‍വെച്ചായിരുന്നു സംഭവം. സ്ഥലത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കവര്‍ച്ചക്കാരെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

വെള്ളിയാഴ്ച ജെപി നഗറിലും ഓട്ടോയിലെത്തിയ മൂന്നംഗസംഘം യുവാവിനെ ഓട്ടോയില്‍ കയറ്റി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. ബംഗളൂരു സ്വദേശിയായ അമന്‍ മിശ്ര(23)യാണ് അക്രമത്തിനിരയായത്. ഇലക്ട്രീഷ്യനായ അമന്‍ ജോലിക്കുശേഷം വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം.

ഓട്ടോ അടുത്തുനിര്‍ത്തി എവിടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. ഈ സമയത്ത് പുറത്തുനില്‍ക്കുകയായിരുന്ന രണ്ടുപേര്‍ ബലമായി യുവാവിനെ ഒട്ടോയിലേക്ക് തള്ളുകയായിരുന്നു. തുടര്‍ന്ന് അതിവേഗത്തില്‍ ഓടിച്ചുപോയ ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപ കവര്‍ന്നു. പിന്നീട് ബലമായി ഗൂഗിള്‍പേ വഴി 14,000 രൂപ കവര്‍ച്ചക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. നാലുമണിക്കൂര്‍ നഗരത്തില്‍ കറങ്ങിയശേഷമാണ് അമന്‍ മിശ്രയെ ഐഎസ്ആര്‍ഒ ലേഔട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടത്.

കലാശിപാളയം, യെലഹങ്ക, ബൊമ്മനഹള്ളി, കോറമംഗല, നാഗര്‍ഭാവി എന്നിവിടങ്ങളില്‍ നേരത്തേയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനം കാത്തുനില്‍ക്കുന്നവരെ കുറഞ്ഞ നിരക്കില്‍ പോകേണ്ട സ്ഥലത്തെത്തിക്കാമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുക.

പിറകിലിരിക്കുന്നവര്‍ മറ്റു സ്ഥലങ്ങളിലിറങ്ങേണ്ട യാത്രക്കാരാണെന്നമട്ടിലാണ് അവതരിപ്പിക്കുക. ഓട്ടോയില്‍ കയറിയാല്‍ വിജനമായ വഴിയില്‍വെച്ച് ആയുധം കാട്ടി കവര്‍ച്ച ചെയ്യുന്നതാണ് രീതി. ഓട്ടോ ഡ്രൈവര്‍മാര്‍ മാത്രമെത്തി യാത്രക്കാരെ കയറ്റിയതിനുശേഷം വഴിയില്‍വെച്ച് കൂട്ടാളികളെ കയറ്റുന്ന രീതിയുമുണ്ട്.

Exit mobile version