ആത്മാഭിമാനത്തിന്റെ പ്രാധാന്യം എന്തെന്ന് പഠിപ്പിച്ച നേതാവ്; ബാൽ താക്കറെയെ പ്രശംസിച്ചും ഉദ്ദവിനെ കൊട്ടിയും ഫഡ്‌നാവിസ്

ന്യൂഡൽഹി: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാമത് ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ പ്രശംസിച്ച് ബിജെപി നേതാവും മഹാരാഷ്ട്ര കാവൽ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് ജനങ്ങളെ പഠിപ്പിച്ചത് ബാൽ താക്കറെ ആയിരുന്നെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിൽ തല്ലി സഖ്യം പിരിഞ്ഞ സാഹചര്യത്തിലാണ് ഫഡ്‌നാവിസിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

താക്കറെയുടെ ഒരു പഴയ പ്രസംഗ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് ഫഡ്‌നാവിസ് താക്കറെയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ആത്മാഭിമാനത്തിന്റെ പ്രാധാന്യമെന്തെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചതായും ഫഡ്‌നാവിസ് ട്വീറ്റിൽ പറയുന്നു. ബാൽ താക്കറെയുടെ സമാധിസ്ഥലമായ ശിവാജി പാർക്കിലെത്തി അദ്ദേഹം ബാൽ താക്കറെയ്ക്ക് പ്രണാമമർപ്പിക്കുകയും ചെയ്തു.ഉദ്ദവ് താക്കറെയും അദ്ദേഹത്തിന്റെ മകൻ ആദിത്യയും സമാധിയിലെത്തി ബാൽ താക്കറെയ്ക്ക് പ്രണാമമർപ്പിച്ചിരുന്നു.

അതേസമയം, ശിവസേനയിൽനിന്നുതന്നെ ഇത്തവണ മുഖ്യമന്ത്രി ഉണ്ടാവുമെന്ന് ശിവസേനാ എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി ഉണ്ടാവുമെന്ന് ബാൽ താക്കറെയ്ക്ക് ഉദ്ദവ് താക്കറെ നൽകിയ വാക്ക് പാലിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version