കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കുഴിച്ച കുഴല്‍ക്കിണറില്‍ നിന്നും വരുന്നത് തിളച്ച വെള്ളം! കിണര്‍ നിര്‍മ്മിച്ചിട്ടും തുള്ളി വെള്ളം കുടിക്കാനില്ലാതെ വലഞ്ഞ് കര്‍ഷകര്‍

കുടിവെള്ളത്തിനായി നിര്‍മ്മിച്ച കുഴല്‍ക്കിണറില്‍ നിന്നു തിളയ്ക്കുന്ന വെള്ളം മാത്രം വരുന്നതില്‍ അമ്പരന്ന് കര്‍ഷകര്‍.

മുംബൈ: കുടിവെള്ളത്തിനായി നിര്‍മ്മിച്ച കുഴല്‍ക്കിണറില്‍ നിന്നു തിളയ്ക്കുന്ന വെള്ളം മാത്രം വരുന്നതില്‍ അമ്പരന്ന് കര്‍ഷകര്‍. അതേസമയം, ഈ വെള്ളം കുടിക്കാന്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. വാഡ താലൂക്കിലെ ബലോഷിവാഡയില്‍ കര്‍ഷകനായ രാധു ചോര്‍ബെ രണ്ടാഴ്ച മുന്‍പ് കുഴിച്ച കുഴല്‍ക്കിണറില്‍ നിന്നാണ് തൊട്ടാല്‍ പൊള്ളുന്ന വെള്ളം കുതിച്ചൊഴുകുന്നത്. 70 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കുഴല്‍ക്കിണറിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് ചൂടായതുകൊണ്ടുള്ള പ്രതിഭാസമാണെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്.

എന്നാല്‍ 2000ല്‍ പരം ലീറ്റര്‍ വെള്ളം പമ്പ് ചെയ്തുകഴിഞ്ഞിട്ടും ചൂടുവെള്ളം മാത്രമാണ് ലഭിക്കുന്നത്. തൊട്ടടുത്ത പുരയിടങ്ങളിലായി 18 കുഴല്‍ക്കിണറുകള്‍ ഉണ്ട്. ഇവയിലെല്ലാം ലഭിക്കുന്നത് സാധാരണ വെള്ളം. പതിവായി ചൂടുവെള്ളം മാത്രം ലഭിക്കുന്നതിനെ തുടര്‍ന്ന് കര്‍ഷകന്‍ പ്രാദേശിക തഹസില്‍ദാര്‍ ദിനേശ് കുര്‍ഹ്‌ടെയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജിയോളജിസ്റ്റ് പ്രമോദ് പോള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അമിത തോതില്‍ ഗന്ധകാംശം അടങ്ങിയ ജലമാണിതെന്നാണ് പോളിന്റെ പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാംപിള്‍ വഡാലയിലെ ലാബില്‍ അയച്ചു.

ഗന്ധകാംശമുള്ളതിനാല്‍ വെള്ളം കുടിക്കരുതെന്ന് ഗ്രാമീണര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂടുനീരുറവകള്‍ പാല്‍ഘര്‍ ജില്ലയില്‍ വേറെയുമുണ്ട്. വസായ്ക്ക് സമീപം വജ്രേശ്വരി, ഗണേഷ്പുരി,സാത്തിവ്ലി അക്കുലോലി, നിംബാവലി എന്നിവിടങ്ങളില്‍ എല്ലാ കാലാവസ്ഥയിലും ചൂടുവെള്ളം മാത്രം ലഭിക്കുന്ന ചെറിയ കുഴികള്‍ നിരവധിയാണ്.

ത്വക്ക് രോഗങ്ങള്‍ക്ക് ഈ ജലം ഗുണകരമെന്ന വിശ്വാസത്തെ തുടര്‍ന്നു തണുപ്പുകാലത്ത് ദൂരദിക്കുകളില്‍ നിന്നു,ധാരാളം സന്ദര്‍ശകര്‍ ചൂടുനീരുറവകള്‍ തേടി എത്താറുണ്ടെന്ന് ജിയോളജിസ്റ്റ് പറയുന്നു.

Exit mobile version