ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും; ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ എത്തും; സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് വിരമിക്കും. ജസ്റ്റിസ് ഗൊഗോയി സുപ്രീംകോടതിയുടെ പടിയിറങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്.

അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് ഗൊഗോയി 2012 ഏപ്രില്‍ 23നാണ് സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. 2018 ഒക്ടോബര്‍ മൂന്നിന് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി, സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേറ്റു. ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.

ഞാന്‍ എന്താണോ അതാണ് ഞാന്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുമ്പോള്‍ ജസ്റ്റിസ് ഗൊഗോയി പറഞ്ഞത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ജസ്റ്റിസ് ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് അദ്ദേഹത്തെ തളര്‍ത്തി. എന്നാല്‍ ആ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതി ക്‌ളീന്‍ചിറ്റ് നല്കിയിരുന്നു.

അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി ഇപ്പോള്‍ വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു. വിരമിച്ച ശേഷം ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില്‍ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ ഇപ്പോഴത്തെ തീരുമാനം. അദ്ദേഹത്തിന് ഇസഡ് പ്‌ളസ് സുരക്ഷ നല്കണമെന്ന് അസം പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതോടെ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ എത്തും. നാളെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. രാജ്യത്തിന്റെ 47ാമത്തെ ചീഫ് ജസ്റ്റിസായിരിക്കും അദ്ദേഹം. ജസ്റ്റിസ് ഗൊഗോയ് പടിയിറങ്ങുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രീംകോടതി കൊളീജിയം പുനഃസംഘടിപ്പിക്കും.

നാഗ്പുരിലെ അഭിഭാഷക കുടുംബത്തിലാണ് ശരത് അരവിന്ദ് ബോബ്‌ഡെ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീംകോടതി ജഡ്ജിയായത്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ കേസില്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് ക്ലീന്‍ ചിറ്റ് നല്കിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഏഴംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നതിലും ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് 2021 ഏപ്രില്‍ 23 വരെയാണ് കാലാവധിയുള്ളത്.

Exit mobile version