ശ്രീരാമനെ മുസ്ലീങ്ങളും ആരാധിക്കാറുണ്ട്; 99 ശതമാനം മുസ്ലീങ്ങളും മതംമാറിയെന്നും ബാബാ രാംദേവ്

ന്യൂഡല്‍ഹി: ശ്രീരാമനെ ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങളും ആരാധിക്കാറുണ്ടെന്ന് യോഗാ ഗുരു ബാബാ രാംദേവ്. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ബാബാ രാംദേവ്. 99 ശതമാനം മുസ്ലിംകളും മതപരിവര്‍ത്തനം നടത്തിയെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രം ഏറ്റവും മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ സാംസ്‌കാരിക പരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം. സുപ്രീംകോടതി വിധിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് കാണുന്നത്. – ബാബാ രാംദേവ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലീങ്ങള്‍ക്ക് മക്ക പോലെ, സിഖ് മതവിശ്വാസികള്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാംദേവ് പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലീങ്ങളും പള്ളി പണിയാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Exit mobile version