ജ്വല്ലറി കൊള്ളയടിച്ച സംഘം തെളിവ് നശിപ്പിക്കാന്‍ സിസിടിവിക്ക് പകരം കൊണ്ട് പോയത് സെറ്റ് ടോപ്പ് ബോക്‌സ്; കിട്ടിയത് എട്ടിന്റെ പണി

ന്യൂഡല്‍ഹി: ജ്വല്ലറി കൊള്ളയടിച്ച സംഘം തെളിവ് നശിപ്പിക്കാനായി സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡറിന് പകരം കൊണ്ടുപോയത് ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ്. ഔട്ടര്‍ ഡല്‍ഹിയിലെ ബീഗംപുരിലാണ് സംഭവം. തോക്കുമായി ജ്വല്ലറിയില്‍ എത്തിയ നാലംഗസംഘം 25 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും കൈക്കലാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജ്വല്ലറിയ്ക്കുള്ളില്‍ എത്തിയ സംഘം പണവും സ്വര്‍ണവും മോഷ്ടിച്ച ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസിടിവിയുടെ റെക്കോര്‍ഡര്‍ തട്ടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സിസിടിവിയുടെ വീഡിയോ റെക്കോര്‍ഡറിനു പകരം ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സാണ് എടുത്തത്.

മോഷണത്തിന്റെയും മോഷ്ടാക്കളുടെയും ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയുടെ വീഡിയോ റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് മിനുട്ടുകള്‍ക്കകം പോലീസ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാന്‍ ടീം രൂപവത്കരിച്ചതായും രോഹിണിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്ഡി മിശ്ര പറഞ്ഞു.

Exit mobile version