ഫീസ് വർധനയും പുതിയ സമയക്രമവും: ജെഎൻയുവിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം; ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്‌കരിച്ചു; കേന്ദ്രമന്ത്രിയെ തടഞ്ഞു

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) യിൽ വിദ്യാർത്ഥികളുടെ കനത്ത പ്രക്ഷോഭം. ഹോസ്റ്റൽ ഫീസ് വർധനയ്ക്കും സമയക്രമത്തിനും എതിരെയാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കിയിരിക്കുന്നത്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാർത്ഥികൾ രേഖാമൂലം വൈസ് ചാൻസലറെ അറിയിച്ചിരുന്നു. അനുനയിപ്പിക്കാൻ സാധിക്കാതെ വന്നതോടെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പോലീസ്.

അതേസമയം, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥികൾ ക്യാംപസിൽ പ്രകടനം നടത്തി. കേന്ദ്രമന്ത്രി രമേഷ് പൊക്രിയാൽ ക്യാംപസിൽ നിന്നും പുറത്തിറങ്ങാനാകാതെ വേദിയിൽ കുടുങ്ങിയിരിക്കുകയാണ്.

സമരം തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നഗരത്തിലും പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ 10 ദിവസമായി ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്.

രാത്രി ഹോസ്റ്റലുകളിൽ നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നുമുള്ള പുതിയ വ്യവസ്ഥകളാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഉയർന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു.

Exit mobile version