ഭീകരാക്രമണത്തിന് സാധ്യത; വിധി പ്രഖ്യാപിച്ച അഞ്ച് ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു

ജഡ്ജിമാരുടെ വസതിക്ക് സമീപം കൂടുതല്‍ സൈനികരെ നിയോഗിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേസില്‍ വിധി പ്രഖ്യാപിച്ച അഞ്ച് ജഡ്ജിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ജഡ്ജിമാരുടെ വസതിക്ക് സമീപം കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഡല്‍ഹി അടക്കം പ്രധാന നഗരങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് രഹസ്യാന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയത്. മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ഏജന്‍സികള്‍ ഒരേ വിവരം നല്‍കിയതിനാല്‍ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജയ്ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അയോധ്യ തര്‍ക്കഭൂമി കേസില്‍ സുപ്രീം കോടതി അന്തിമ വിധി പ്രസ്താവം നടത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്.

Exit mobile version