ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്: മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാറുണ്ടാക്കില്ല; കാല്‍നൂറ്റാണ്ടായുള്ള ബിജെപി-ശിവസേന ബന്ധം അവസാനിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വീണ്ടും പ്രതിസന്ധിയില്‍. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് കാവല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചു. മഹാരാഷ്ട്ര രാജ് ഭവനില്‍ എത്തിയ ദേവേന്ദ്ര ഫട്‌നാവിസും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയെ ഇക്കാര്യം അറിയിച്ചു.

അതേസമയം, ശിവസേനയുമായുള്ള ബന്ധവും ബിജെപി അവസാനിപ്പിച്ചു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ശിവസേനയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന് ചന്ദ്രകാന്ത് പാട്ടില്‍ വ്യക്തമാക്കി. ജനവിധിയെ അപമാനിക്കാനാണ് ശിവസേന ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ചന്ദ്രകാന്ത് പാട്ടില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഉണ്ടെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്ന് 15 ദിവസങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ബിജെപിയോട് കേവലഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ തിങ്കളാഴ്ച രാത്രി എട്ട് മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.

എന്നാല്‍, ശിവസേനയുമായി ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ തങ്ങള്‍ക്ക് കേവലഭൂരിപക്ഷം തികയ്ക്കാനാവില്ലെന്ന് ബിജെപി ഗവര്‍ണറെ ധരിപ്പിച്ചു. ഇതോടെ 25 വര്‍ഷമായി തുടരുന്ന ബിജെപി-ശിവസേന ബന്ധവും അവസാനിച്ചു.

ശിവസേന മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാന്‍ ബിജെപി തയാറാകാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഭരണത്തില്‍ 50:50 അനുപാതം പാലിക്കണമെന്നും സര്‍ക്കാരിന്റെ കാലാവധിയുടെ പകുതി സമയം മുഖ്യമന്ത്രി പദവി പങ്കുവെക്കണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം.

288 അംഗ നിയമസഭയില്‍ 145 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാല്‍ ബി.ജെ.പിക്കുള്ളത് 105 സീറ്റ് മാത്രമാണ്. ശിവസേനയ്ക്ക് 56 സീറ്റുകളാണുള്ളത്. എന്‍സിപിക്ക് 54 ഉം കോണ്‍ഗ്രസിന് 44 സീറ്റുകളുണ്ട്.

Exit mobile version