മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് ശ്രമിക്കും; സൂചനകൾ നൽകി എൻസിപി വക്താവ്

കോൺഗ്രസും എൻസിപിയും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ എൻസിപി-കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന വാദവുമായി എൻസിപി വക്താവ് നവാബ് മാലിക്ക്. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിരിക്കും. അവർ സർക്കാർ രൂപവത്കരിക്കുന്നില്ലെങ്കിൽ കോൺഗ്രസും എൻസിപിയും ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യുന്നതിന് എല്ലാ എൻസിപി എംഎൽഎമാരുടെയും യോഗം നവംബർ 12ന് വിളിച്ചുചേർത്തിട്ടുണ്ടെന്നും നവാബ് മാലിക്ക് പറഞ്ഞു. അതേസമയം, സർക്കാർ രൂപവത്കരിക്കാനായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ ഗവർണർ ഭഗത് സിങ് കോഷിയാരി കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നു.

288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ ബിജെപിയുടെ അംഗബലം 105 ആണ്. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതും മന്ത്രിസഭയിലെ 50:50 പ്രാതിനിധ്യവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഖ്യകക്ഷിയായ ശിവസേനയുമായി സമവായത്തിൽ എത്താൻ സാധിക്കാത്തതിനാൽ ബിജെപിയുടെ അധികാര മോഹം നീളുകയാണ്.

Exit mobile version