അയോധ്യ; സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യില്ല; ബോര്‍ഡ് അഭിഭാഷകനെ തള്ളി സുന്നി വഖഫ് ബോര്‍ഡ്

അയോധ്യ ഭൂമി തര്‍ക്ക കേസിലെ പ്രധാന പരാതിക്കാരില്‍ ഒരു വിഭാഗമായിരുന്നു ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫറൂഖി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എതിര്‍ക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി കൃത്യമായി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ സഫര്യബ് ജിലാനിയുടെ പ്രസ്താവനയെയും അഹമ്മദ് ഫറൂഖി തള്ളി. തങ്ങളുടെ പേരില്‍ ഏതങ്കിലും വ്യക്തിയോ അഭിഭാഷകനോ വിധിയെ ചോദ്യം ചെയ്യുമെന്ന് പറയുന്നത് സംഘടനയുടെ നിലപാട് ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ ഭൂമി തര്‍ക്ക കേസിലെ പ്രധാന പരാതിക്കാരില്‍ ഒരു വിഭാഗമായിരുന്നു ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.

സുപ്രീം കോടതി വിധിയില്‍ വൈരുദ്ധ്യമുണ്ടെന്നും സുന്നി വഖഫ് ബോര്‍ഡ് റിവ്യു പെറ്റീഷന്‍ നല്‍കുമെന്നും ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്യബ് ജിലാനി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ താന്‍ ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സെക്രട്ടറി എന്ന നിലയിലാണ് പത്രസമ്മേളനം നടത്തിയതെന്ന് ജിലാനി വ്യക്തമാക്കി.

അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംങ്ങള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. അതെസമയം തര്‍ക്ക ഭൂമിയുടെ അവകാശം ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാകും ക്ഷേത്രം പണിയേണ്ടതെന്നുമാണ് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കുന്നത്.

മൂന്ന് മുതല്‍ നാല് മാസത്തിനകം ഇതിനായുള്ള കര്‍മ്മപദ്ധതി കേന്ദ്രം തയ്യാറാക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു. അഞ്ച് അംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്ലിം കക്ഷികളും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.

Exit mobile version