ഇനി രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം, സുപ്രീംകോടതിക്ക് അഭിനന്ദനം; അയോധ്യ വിധിയില്‍ പ്രതികരണവുമായി തപ്‌സി പന്നു

അതേസമയം താരത്തിന്റെ പരാമര്‍ശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്.

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ചരിത്ര വിധി വന്നതിനു പിന്നാലെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതികരണങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ വിധിയില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തപ്‌സി പന്നുവും. അയോധ്യ കേസിലെ വിധിയില്‍ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നുവെന്നാണ് താരം കുറിച്ചത്. ട്വിറ്ററിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്.

ഇനി രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം എന്നും തപ്‌സി കുറിക്കുന്നുണ്ട്. അതേസമയം താരത്തിന്റെ പരാമര്‍ശത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. തപ്സിയുടെ ട്വീറ്റിനോട് യോജിക്കുന്നുണ്ടെന്നും കക്ഷിരാഷ്ട്രീയ, സമുദായിക പ്രശ്നങ്ങള്‍ക്കപ്പുറം രാജ്യത്തെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ എന്റെ രാജ്യം ഇപ്പോള്‍ തന്നെ വാസ യോഗ്യമാണെന്നും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ ഉപദേശം. ഇവിടെ പറ്റുന്നില്ലെങ്കില്‍ രാജ്യം വിടാന്‍ മറ്റൊരാളും കമന്റ് ചെയ്യുന്നുണ്ട്.

രാജ്യം ഏറെ ഉറ്റുനോക്കിയ ആ ചരിത്ര വിധിയെത്തിയത് രാവിലെ 10.30ഓടെയാണ്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതി പ്രസ്താവിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് ഉണ്ടാക്കണം. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നാണ് കോടതി വിധിച്ചത്. അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.

Exit mobile version