അയോധ്യയിൽ ചരിത്ര വിധി; തർക്ക ഭൂമി ഹിന്ദുക്കൾക്ക്; രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ്; മുസ്ലിങ്ങൾക്ക് പകരം ഭൂമി; ആർക്കും അവകാശമില്ല

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കത്തിൽ ചരിത്രവിധിയുമായി സുപ്രീംകോടതി. തർക്കഭൂമി ഹിന്ദുകൾക്ക് നൽകും. അയോധ്യയിലെ തർക്ക ഭൂമിയിൽ ആർക്കും ഉടമസ്ഥാവകാശം നൽകാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി ക്ഷേത്ര നിർമ്മാണത്തിന് അനുമതിയും നൽകി. തർക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് മുസ്‌ലിംകൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകണം. ഇത് കേന്ദ്ര സർക്കാർ നൽകണം. മൂന്നു മാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയ്യാറാക്കണമെന്നും കോടതി വിധിച്ചു.

ക്ഷേത്രനിർമ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. അവർക്ക് ഭൂമി കൈമാറണം. അവിടെ രാമക്ഷേത്രം നിർമ്മിക്കണം. ക്ഷേത്രം നിർമ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ കേസിലെ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും കോടതി വിധിച്ചു. രാം ലല്ലയ്ക്ക് അവകാശം സമാധാനം നിലനിർത്തിയാൽ മാത്രം.

ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച നിർമോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും സുന്നി വഖഫ് ബോർഡിനും അധികാരം കൈമാറാൻ സുപ്രീംകോടതി തയ്യാറായില്ല. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹാബാദ് കോടതിയുടെ മുൻപത്തെ വിധിയും സുപ്രീംകോടതി റദ്ദാക്കി. ബാബ്‍റി മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്നും സുപ്രീം കോടതി വിധിച്ചു.

മുസ്ലിങ്ങൾക്ക് തർക്കഭൂമിയിലെ അവകാശം തെളിയിക്കാൻ സാധിച്ചില്ലെന്നും എന്നാൽ പള്ളി നിർമ്മിക്കാനായി പകരം സ്ഥലം കണ്ടെത്തി നൽകണമെന്നും സുപ്രീംകോടതി വിധിച്ചു. പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ മധ്യസ്ഥ സമിതിക്ക് ചീഫ് ജസ്റ്റിസ് നന്ദി പറഞ്ഞു.

ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ വ്യത്യസ്ത വിധി പറയില്ലെന്നും ഏകകണ്ഠമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടാവുകയെന്നും വിധി പ്രസ്താവനയുടെ തുടക്കത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അര മണിക്കൂർ നീണ്ട വിധി പ്രസ്താവനയ്ക്കിടെ എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കുമെന്നും ദൈവശാസ്ത്രമല്ല, ചരിത്രവസ്തുതകളാണ് അടിസ്ഥാനമെന്നും രേഖകളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതിക്ക് തുല്യത കാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

പുരാവസ്തു വകുപ്പിന്റെ രേഖകൾ തള്ളിക്കളയാനാകില്ലെന്നും ബാബ്‌റി മസ്ജിദ് നിർമ്മിച്ചത് തുറസായ സ്ഥലത്തല്ലെന്നും മറ്റൊരു നിർമ്മിതിക്ക് മുകളിലാണെന്നും കോടതി നിരീക്ഷിച്ചു. ബാബ്‌റിക്ക് താഴെയുണ്ടായിരുന്ന നിർമ്മിതി ഇസ്ലാമികമായ ഒരു നിർമ്മിതി ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല. രാമജന്മ ഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി. അതേസമയം ദൈവസങ്കൽപത്തിന് നിയമപരമായ അസ്ഥിത്വമുണ്ട്. അയോധ്യയിൽ ഇരുകൂട്ടരും ആരാധന നടത്തിയിരുന്നെന്നും നടുമുറ്റത്ത് മുസ്ലിംകൾ നമസ്‌കാരം നടത്തിയിരുന്നെന്നും ഹിന്ദുക്കളും ഇവിടെ ആരാധന നടത്തിയിരുന്നുവെന്നും സുപ്രീം കോടതി വിധിയിൽ പറയുന്നു.

Exit mobile version