അയോധ്യ വിധി; മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താപ്രക്ഷേപണ അതോറിറ്റിയുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണര്‍ത്തുന്നതുമായ യാതൊരു വിധത്തിലുള്ള വാര്‍ത്തയും സംപ്രേക്ഷണം ചെയ്യരുതെന്നും രാജ്യത്തിന്റെ മതേതരത്വവും സാമുദായിക ഐക്യവും, പൊതുതാല്‍പര്യ പ്രകാരവും മാത്രമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ എന്നുമാണ് ഉത്തരവില്‍ പറയുന്നത്

ന്യൂഡല്‍ഹി: ഇന്ന് പത്തരയോടെ പുറത്തുവരാനിരിക്കുന്ന അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ കനത്ത സുരക്ഷാ വലയത്തില്‍. അതേസമയം വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് കര്‍ശ്ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര വാര്‍ത്താപ്രക്ഷേപണ അതോറിറ്റി. വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണര്‍ത്തുന്നതുമായ യാതൊരു വിധത്തിലുള്ള വാര്‍ത്തയും സംപ്രേക്ഷണം ചെയ്യരുതെന്നും രാജ്യത്തിന്റെ മതേതരത്വവും സാമുദായിക ഐക്യവും, പൊതുതാല്‍പര്യ പ്രകാരവും മാത്രമേ വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ എന്നുമാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്,

1. സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുമ്പ് പ്രസ്തുത വിഷയത്തിലെ കോടതി നടപടികള്‍ മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.
2. സുപ്രീംകോടതി രേഖകള്‍ പരിശോധിച്ച ശേഷം വാര്‍ത്തയുടെ ആധികാരികതയും, യാഥാര്‍ഥ്യവും, കൃത്യതയും മനസിലാക്കിയതിന് ശേഷമോ അല്ലെങ്കില്‍ നേരിട്ട് കോടതിയില്‍ നിന്നും അറിഞ്ഞതിനു ശേഷം മാത്രമേ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും വാര്‍ത്തകള്‍ നല്‍കാന്‍ പാടുള്ളൂ.
3. അയോധ്യ വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഊഹാപോഹങ്ങളോ, ഊഹാപോഹങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള വാര്‍ത്തകളോ നല്‍കാന്‍ പാടില്ല.
4. അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള ഒരു വാര്‍ത്തകളിലും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല.
5. അയോധ്യാ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കക്ഷികള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെയോ ആഘോഷങ്ങളുടെയോ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത്.
6. ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാല്‍ത്തന്നെ അയോധ്യ വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഉന്നത എഡിറ്റോറിയല്‍ അധികാരികളുടെ അനുവാദം വാങ്ങിക്കണം.
7. ഒരു വാര്‍ത്തയും പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ മുന്‍വിധിയോടുകൂടിയോ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ല.
8. കാഴ്ചക്കാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകള്‍ പറയാന്‍ ചര്‍ച്ചകളില്‍ ആര്‍ക്കും അനുവാദം നല്‍കരുത്.
9. തീവ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും ഒഴിവാക്കണം.

Exit mobile version