സുരക്ഷ സേനയുടെ വലയത്തില്‍ അയോധ്യ; യുപിയിലും ജമ്മു കാശ്മീരും നിരോധനാജ്ഞ! തര്‍ക്കഭൂമിയില്‍ മാത്രം 5000 സിആര്‍പിഎഫ് ഭടന്മാര്‍

അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷ. അയോധ്യയില്‍ മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷ. അയോധ്യയില്‍ മാത്രം 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് നിയോഗിച്ചിട്ടുള്ളത്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം നിരീക്ഷണം ശക്തമാക്കി. സുപ്രീംകോടതിയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.

അതേസമയം, പശ്‌നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.

അയോധ്യകേസിലെ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കാശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 10 വരെയാണ് നിരോധനാജ്ഞ. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ചീ ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നസാധ്യത മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്.

മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും. മുന്‍കരുതല്‍ നടപടികള്‍ മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറെ ബോധിപ്പിച്ചു.

കേരളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിധി എന്താണെങ്കിലും എല്ലാവരും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള ,കാസര്‍കോട്, ഹൊസ്ദുര്‍ഗ് ,ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.

Exit mobile version