അയോധ്യ വിധി ഇന്ന്; ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം

രാജ്യം ഉറ്റു നോക്കുന്ന അയോധ്യ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറയുക.

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന അയോധ്യ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ വിധി പറയുക.

അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുക. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും ഇന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ്.

അതേസമയം, അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5000 സിആര്‍പിഎഫ് ഭടന്മാരെയാണ് തര്‍ക്കഭൂമിയില്‍ മാത്രം നിയോഗിച്ചിട്ടുള്ളത്. തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല.

2010 സെപ്റ്റംബര്‍ 30ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് തുല്യമായി വീതിച്ച് നല്‍കാന്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചു. അതിനെതിരെ ഹിന്ദു സംഘടനകളും സുന്നി വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള മുസ്‌ലിം കക്ഷികളും സുപ്രീംകോടതിയിലെത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്റ്റ് 7 മുതല്‍ ഒക്ടോബര് 17വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചു.

അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.

അയോധ്യ രാമന്റെ ജന്മസ്ഥലമാണ്. അത് മറ്റെവിടേക്കെങ്കിലും മാറ്റാനാകില്ല. ജന്മസ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നതായിരുന്നു രാംലല്ലയുടെ വാദം. ക്ഷേത്ര നിര്‍മ്മാണത്തില്‍ അവകാശവാദം ഉന്നയിച്ച നിര്‍മോഹി അഖാഡ, തര്‍ക്കഭൂമി തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന് വാദിച്ചു. ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്കടയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അത് ബാബര്‍ പൊളിച്ചുമാറ്റിയ രാമക്ഷേത്രമാണെന്നും ഹിന്ദു സംഘടനകള്‍ വാദിച്ചു.

എന്നാല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ നിര്‍മ്മിതികളില്‍ ക്ഷേത്രത്തിന്റേതല്ല എന്ന് തെളിയിക്കാനുള്ള രേഖകളായിരുന്നു സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ നല്‍കിയത്. 1992 ഡിസംബര 6 വരെ അയോധ്യയില്‍ ഒരു മസ്ജിദ് ഉണ്ടായിരുന്നു. മസ്ജിദിന് ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാന്റ് കിട്ടിയതടക്കം ചൂണ്ടിക്കാട്ടിയാണ് തര്‍ക്കഭൂമിയില്‍ സുന്നി വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്. 3426 പേജുള്ള രേഖകളാണ് കേസില്‍ ആകെ ഉണ്ടായിരുന്നത്.

Exit mobile version