അസുഖബാധയെ തുടര്‍ന്ന് നിര്‍ത്താതെ കരഞ്ഞു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലില്‍ തള്ളി; അമ്മയുടെ കൊടും ക്രൂരത

കര്‍ണാടക ചിക്കമംഗളൂരുവില്‍ ബേട്ടതാവരക്കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം

ചിക്കമംഗളൂര്‍: കര്‍ണാടകയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ നാവ് മുറിച്ചെടുത്ത ശേഷം അമ്മ കനാല്‍ തള്ളി. കര്‍ണാടക ചിക്കമംഗളൂരുവില്‍ ബേട്ടതാവരക്കരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അസുഖബാധയെ തുടര്‍ന്ന് കുഞ്ഞുമായി അമ്മ കമലയും ഭര്‍ത്താവിന്റെ അമ്മയും തവക്കരയിലെ ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

എന്നാല്‍ അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. ഇതോടെ പ്രകോപിതയായ കമല ഭര്‍ത്താവിന്റെ അമ്മ ഉറങ്ങിക്കിടന്ന നേരം നോക്കി കുഞ്ഞുമായി ആശുപത്രിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഹാലിയൂരില്‍ എത്തി. കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കമല കുഞ്ഞിന്റെ നാവ് മുറിച്ചെടുത്ത ശേഷം കനാലിലേക്ക് തള്ളുകയായിരുന്നു.

ഭദ്ര പദ്ധതി പ്രകാരം നിര്‍മ്മിച്ച കനാലിലേക്കാണ് കമല കുഞ്ഞിനെ എറിഞ്ഞത്. ശേഷം ആശുപത്രിയിലെത്തിയ കമല കുട്ടിയെ കാണാനാല്ലെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം കനാലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമലയുടെ കുഞ്ഞാണിതെന്ന് മനസിലായി. ശേഷം കമലയെ വിശദമായി നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കമലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന സംശയത്തിലാണ് പോലീസിപ്പോള്‍. വൈദ്യ പരിശോധന നടത്തി ഇതില്‍ വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version