ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടിവെച്ചു; കോടിയേരിയുടെ മകനായതില്‍ ബിനീഷിന് ജാമ്യം കിട്ടാനേ പാടില്ലേ? പ്രേംകുമാറിന്റെ ചോദ്യം വൈറലാവുന്നു

കൊച്ചി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി.ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം കിട്ടാനേ പാടില്ലേ? ബിനീഷിന്റെ ജാമ്യാപേക്ഷയെ കുറിച്ച് പ്രേംകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാവുന്നു.ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ആറാം തവണ നീട്ടിവെച്ചു എന്നു പറഞ്ഞാണ് ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഏപ്രില്‍ 22 നാണ് ജസ്റ്റിസ് കെ.നടരാജന്‍ മുന്‍പാകെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നിരുന്നത്.
അന്ന് വിചാരണ നീട്ടിവെച്ചത് രണ്ട് കാരണങ്ങളാലാണ്. അന്ന് വാദിക്കാന്‍ രണ്ടുമണിക്കൂര്‍ സമയം വേണമെന്ന് ഇഡി പറഞ്ഞു. എന്നാല്‍ ജഡ്ജിന് കോവിഡ് ടെസ്റ്റിന് പോവണമായിരുന്നു അതിനാല്‍ സമയം നീട്ടിനല്‍കിയിരുന്നില്ല.അല്ലാതെ ജാമ്യം കൊടുക്കേണ്ടെന്ന് വിചാരിച്ചിട്ടല്ല.കോടിയേരിയുടെ മകനാണ് അതിനാല്‍ ജാമ്യം കിട്ടാനേ പാടില്ല എന്നതുമല്ലാട്ടോ പ്രേംകുമാര്‍ പറയുന്നു.

ബിനീഷിനെതിരെയുള്ള അന്വേഷണം നടത്തിയ രണ്ട് ദേശീയ ഏജന്‍സികള്‍ ഇഡിയുംയും എന്‍സിബിയും എന്തൊക്കെയാണ് പറയുന്നതെന്നും ബിനീഷ് കോടിയേരി കേസിന്റെ വസ്തുതകള്‍ ഓരോന്നായി പ്രേംകുമാര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രേംകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ആറാം തവണ നീട്ടിവെച്ചു.
ED ഭാഗം വാദിക്കേണ്ടിയിരുന്ന വക്കീലിന് കോവിഡ് ആയതുകാരണമാണ്;
അല്ലാതെ, ജാമ്യം കൊടുക്കേണ്ടെന്ന് വിചാരിച്ചിട്ടല്ല.
തൊട്ടു മുന്‍പ്, ഏപ്രില്‍ 22 നാണ് ജസ്റ്റിസ് കെ.നടരാജന്‍ മുന്‍പാകെ ടി ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നിരുന്നത്.
അന്ന് വിചാരണ നീട്ടിവെച്ചത് രണ്ട് കാരണങ്ങളാലാണ്.
01.
വാദിക്കാന്‍ രണ്ടുമണിക്കൂര്‍ സമയം വേണമെന്ന് ED പറഞ്ഞു.
02.
ജഡ്ജിന് കോവിഡ് ടെസ്റ്റിന് പോവണമായിരുന്നു .
അല്ലാതെ ജാമ്യം കൊടുക്കേണ്ടെന്ന് വിചാരിച്ചിട്ടല്ല.
കോടിയേരിയുടെ മകനാണ്; ജാമ്യം കിട്ടാനേ പാടില്ല.
നിങ്ങള്‍ പറയുന്നത് ശരിയാണ്; എന്നാലുമൊന്ന് പറഞ്ഞോട്ടെ?
നിയമവിരുദ്ധകാര്യങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബിനീഷായാലും സാക്ഷാല്‍ കൊടിയേരിയായാലും അകത്ത് കിടക്കണം.
അകത്ത് കിടത്താനുള്ള വകുപ്പൊന്നുമില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ കോടതിയെ ബോധിപ്പിച്ചു കഴിഞ്ഞാലും
നിങ്ങള്‍ക്കിഷ്ടമില്ലെന്നതുകൊണ്ട് ഒരാള്‍ അകത്തുതന്നെ കിടക്കണമെന്ന് വിചാരിക്കുന്നത് അത്ര നല്ല വിചാരമാണോ?
ബിനീഷിനെതിരെയുള്ള അന്വേഷണം നടത്തിയ രണ്ട് ദേശീയ ഏജന്‍സികള്‍ ED യും NCB യും എന്തൊക്കെയാണ് പറയുന്നതെന്ന് നോക്കാം.
ബിനീഷ് കോടിയേരി കേസ്: വസ്തുതകള്‍.
…………..
മയക്കുമരുന്ന് വിപണന സംഘവുമായ് ബന്ധമുണ്ടെന്നാരോപിച്ച് ED അറസ്റ്റ് ചെയ്യുന്നത്:
2020 ഒക്ടോബര്‍ 29 ന് (ഏഴു മാസം മുന്‍പേ).
മയക്കുമരുന്ന് വിപണന ബന്ധമന്വേഷിക്കാന്‍ NCB കസ്റ്റഡിയില്‍ വാങ്ങുന്നത്:
2020 നവംബര്‍ 17.
NCB കേസില്‍ ബിനീഷിന് പങ്കില്ലെന്ന് മനസ്സിലാക്കി തിരികെ ED കസ്റ്റഡിയിലേക്ക് നല്‍കുന്നത്:
2020 നവംബര്‍ 20.
കേസില്‍ ED ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നത്:
2020 ഡിസംബര്‍ 15.
ED ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്ത ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്:
2020 ഡിസംബര്‍ 28.
ബിനീഷ് പ്രതിയായ് ഉള്‍പ്പെടാതെ NCB കേസ് ഫയല്‍ ചെയ്യുന്നത്:
2021 ഫെബ്രുവരി 18.
NCB കേസിലുള്‍പ്പെടാത്ത ബിനീഷിന്റെ ജാമ്യാപേക്ഷ കര്‍ണാടകാ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്:
2021 മാര്‍ച്ച് 12.
ജാമ്യാപേക്ഷ വിചാരണക്കെടുക്കാതെ മാറ്റി വെയ്ക്കപ്പെട്ടത്:
2021 മാര്‍ച്ച് 17, ഏപ്രില്‍ 05, ഏപ്രില്‍ 15, ഏപ്രില്‍ 20, ഏപ്രില്‍ 22, ജൂണ്‍ 09.
കോടിയേരിയുടെ മകനാണ്; ജാമ്യം കിട്ടാനേ പാടില്ല.
നിങ്ങള്‍ പറയുന്നത് ശരിയാണ്; എന്നാലുമൊന്ന് പറഞ്ഞോട്ടെ?
മയക്കുമരുന്ന് വിപണനവുമായ് ബന്ധപ്പെട്ടതാണ് പ്രധാന കേസ്.
അതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്തു എന്നതാണ്
ബിനീഷ് അടക്കമുള്ള ചില ആളുകളുടെ പേരിലുണ്ടായിരുന്ന ആരോപണം.
അങ്ങനെ സംശയമുള്ളവരുടെ പേരിലാണ് ED കേസെടുത്തത്.
പക്ഷേ, NCB ഫയല്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ബിനീഷ് പ്രതിയല്ല.
അഥവാ, ED കേസില്‍പ്പെട്ടവരില്‍ NCB കേസില്‍ പെടാത്തത് ബിനീഷ് മാത്രമാണ്.
മയക്കുമരുന്ന് കേസില്‍ പ്രതിയല്ലാത്തൊരാളുടെ പേരില്‍ അതുമായ്
‘ബന്ധപ്പെട്ട’ ED കേസ് നിലനില്‍ക്കില്ലെന്നതാണ് ബിനീഷിന്റെ വാദം.
There is no Predicate offence in PMLA case registered against Mr. Bineesh.
ബാംഗ്ലൂര്‍ ED രജിസ്റ്റര്‍ ചെയ്ത പ്രസ്തുത PMLA കേസ് അല്ലാതെ നിലവില്‍ ബിനീഷിന്റെ പേരില്‍ ഒറ്റ കേസുമില്ലതാനും.
ഇനി PMLA കേസില്‍ പ്രതിയാണെങ്കിലും ഒരാള്‍ക്ക് ഏഴു മാസത്തിന് ശേഷം ജാമ്യത്തിന് അര്‍ഹതയുണ്ടാവില്ലേ?
NIA കേസിലെ പ്രതികള്‍ക്ക് പോലും ജാമ്യം ലഭിക്കുന്ന നാടല്ലേയിത്?
ഇനി അഥവാ ജാമ്യത്തിന് അര്‍ഹതയില്ലെങ്കില്‍ ആ കാര്യം കോടതിയില്‍ വാദിക്കണ്ടേ പോസിക്യൂഷന്‍?
കോടിയേരിയുടെ മകനാണ്; ജാമ്യം കിട്ടാനേ പാടില്ല.
നിങ്ങള്‍ പറയുന്നത് ശരിയാണ്; എന്നാലുമൊന്ന് പറഞ്ഞോട്ടെ?
2021 മാര്‍ച്ച് 12 ന് സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷ ജസ്റ്റിസ് നടരാജന്‍ മുന്‍പാകെ പരിഗണനയ്ക്ക് വന്നത് അഞ്ച് തവണ.
PMLA കേസുകളില്‍ നിര്‍ബന്ധമായും ED ഭാഗം വാദം കേള്‍ക്കാതെ ജാമ്യം അനുവദിക്കില്ല.
കേസ് മാറ്റി വെയ്ക്കപ്പെട്ട അഞ്ചു തവണയും ED ഭാഗം വക്കീല്‍ ഹാജരാവാതിരിക്കുകയോ കൂടുതല്‍ സമയം ചോദിക്കുകയോ ആണ് ചെയ്തിട്ടുള്ളത്.
ഏറ്റവുമൊടുവില്‍, ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന്, ED ഭാഗം വക്കീല്‍ ആവശ്യപ്പെട്ടത് വാദത്തിന് രണ്ട് മണിക്കൂര്‍ സമയം വേണമെന്നായിരുന്നു.
ഒരു ജാമ്യാപേക്ഷയില്‍ പത്തുപതിനഞ്ചു മിനിറ്റിലധികം ഒരു ഹൈക്കോടതിയും സമയമനുവദിക്കുക പതിവില്ല.
കോടിയേരിയുടെ മകനാണ്; ജാമ്യം കിട്ടാനേ പാടില്ല.
നിങ്ങള്‍ പറയുന്നത് ശരിയാണ്; എന്നാലുമൊന്ന് പറഞ്ഞോട്ടെ?
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടെന്ന് ആദ്യം കേള്‍ക്കുന്നു;
ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെട്ടില്ലെന്ന് വരുന്നു.
ബന്ധുക്കള്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയെന്ന് ആദ്യം കേള്‍ക്കുന്നു;
ഓഫീസും വീടുമെല്ലാം റെയ്ഡ് ചെയ്യുന്നു; തെളിവുകളൊന്നും കിട്ടിയില്ലെന്ന് വരുന്നു.
ബിനീഷിന്റെ അമ്മയെയും ഭാര്യയേയും അറസ്റ്റ് ചെയ്യുമെന്ന് ആദ്യം കേള്‍ക്കുന്നു;
അവര്‍ക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്ന് വരുന്നു.
ബിനീഷിന്റെ അമ്മ ഉപയോഗിക്കുന്നത് ലൈഫ് മിഷന്‍ കേസുമായ് ബന്ധപ്പെട്ട ഐ ഫോണ്‍ ആണെന്ന് കേള്‍ക്കുന്നു;
അങ്ങനെയൊരു ഫോണില്ലെന്ന് പിന്നീട് പറയുന്നു.
ഇങ്ങനെയൊക്കെയാണ് ഇതുവരെയുള്ള കേള്‍വികള്‍.
കോടിയേരിയുടെ മകനാണ്; ജാമ്യം കിട്ടാനേ പാടില്ല.
നിങ്ങള്‍ പറയുന്നത് ശരിയാണ്; എന്നാലുമൊന്ന് പറഞ്ഞോട്ടെ?
ഇങ്ങനെ ഒരനുഭവമുണ്ടാവുന്നത് നിങ്ങളുടെ ഒരു സുഹൃത്തിനാണെങ്കിലോ?
അല്ലെങ്കില്‍ വേണ്ട…
നിങ്ങളുടെ സുഹൃത്തുക്കളാരും കേസിലൊന്നും പെടാതിരിക്കട്ടെ.
വേറെ ഏതെങ്കിലുമൊരു ബാലകൃഷ്ണന്റെ മകനാണെങ്കിലോ?
വേറെ ഏതെങ്കിലുമൊരു ബിനീഷിനാണെങ്കിലോ?
വെറുതെയൊന്ന് ആലോചിച്ചു നോക്കിയാലോ?

പ്രേംകുമാര്‍
09/06/21

Exit mobile version