സുരക്ഷ ശക്തമാക്കി കേന്ദ്രം; അയോധ്യയില്‍ നാലായിരം സൈനികരെ നിയോഗിച്ചു

ലക്‌നൗ: അയോധ്യാ കേസില്‍ വിധി വരാനിരിക്കെ ഉത്തര്‍പ്രദേശില്‍ സുരക്ഷ ശക്തമാക്കി. അയോധ്യയിലും സമീപ പ്രദേശങ്ങളിലുമാണ് സുരക്ഷ ഏറ്റവും ശക്തമാക്കിയിരിക്കുന്നത്. അയോധ്യയില്‍ ഓരോ 10 അടിയിലും ഒരു പോലീസുകാരന്‍ എന്ന നിലയിലാണ് സുരക്ഷാ വിന്യാസം. പത്ത് പാരാ മിലിറ്ററി ഫോഴ്സിന്റെ കീഴിലുള്ള 4000 സൈനികരെ അയോധ്യയിലേക്ക് നിയോഗിച്ചു.

അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സംസ്ഥാനങ്ങളില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്, യെല്ലോ മേഖലകള്‍ സിആര്‍പിഎഫും മറ്റ് രണ്ട് മേഖലകളില്‍ യുപി പോലീസും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തും.

എണ്ണൂറോളം സ്‌കൂളുകള്‍ സുരക്ഷാ സേനകളുടെ താത്കാലിക ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ സമീപത്തുള്ള ഹോട്ടലുകളും ലോഡ്ജുകലും ഇതിനായി ബുക്ക് ചെയ്തിട്ടുമുണ്ട്. മാത്രമല്ല സ്‌കളുകളെ താത്കാലിക ജയിലുകളായും പ്രഖ്യാപിച്ചിട്ടുണ്ട്. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിരിക്കുകയാണ്.

Exit mobile version