അയോധ്യ വിധി; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം

അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനാണിത്.

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനാണിത്.

നേരത്തെ അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

‘മന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വിധിയെക്കുറിച്ച് സര്‍ക്കാര്‍ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തരുത്. ‘ ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം.

കൂടാതെ, വിധി അനുകൂലമായാല്‍ ആഘോഷം പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിധി അനുകൂലമായാല്‍ ആഘോഷം പാടില്ലെന്നും മധുരം വിതരണം ചെയ്യരുതെന്നും വിശ്വഹിന്ദു പരിഷത്ത് നിര്‍ദ്ദേശിച്ചു.

വിധി എന്തായാലും ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ വിധി വരും മുമ്പ് തന്നെ അതെന്താവും എന്ന് പ്രവചിച്ച് ചിലര്‍ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. അതേസമയം, അയോധ്യയില്‍ നിരീക്ഷണം ശക്തമാക്കി. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സമാധാന സമിതികള്‍ ശക്തിപ്പെടുത്താനും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു.

Exit mobile version