മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി ശിവസേന

മുംബൈ: സർക്കാർ രൂപീകരണം സാധ്യമാകാതെ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിലും എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമങ്ങളെന്ന് സൂചന. ശിവസേനയും ബിജെപിയും സമവായത്തിൽ എത്താതെ പിടിവാശിയിൽ തുടരുന്നതിനിടെയാണ് എംഎൽഎമാരോട് ശിവസേന റിസോർട്ടിലേക്ക് മാറാൻ നിർദേശിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറേയുടെ വീടായ മാതോശ്രീയിൽ നടന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എംഎൽഎമാരെ മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റുന്നത്. രണ്ടുദിവസം റിസോർട്ടിൽ കഴിയാൻ എംഎൽഎമാർക്ക് ഉദ്ധവ് താക്കറേ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ബാന്ദ്രകുർള കോംപ്ലക്‌സിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് എംഎൽഎമാരെ മാറ്റുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇരുപതോളം ശിവസേനാ എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി ശിവസേനാ എംഎൽഎമാർ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലർത്തുന്നുണ്ടെന്ന് ബിജെപി അവകാശവാദവും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎമാരോട് റിസോർട്ടിലേക്ക് മാറാൻ ശിവസേനാ അധ്യക്ഷൻ നിർദേശം നൽകിയിരിക്കുന്നത്. സർക്കാർ രൂപവത്കരണത്തിന് ഒരുദിവസം മാത്രം ശേഷിക്കെയാണ് ശിവസേനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

പണം ഉപയോഗിച്ച് ശിവസേനാ എംഎൽഎമാരെ അടർത്തിമാറ്റാൻ ശ്രമിക്കുന്നെന്നും ബിജെപി കുതിരക്കച്ചവടം നടത്തുന്നെന്നും മുഖപത്രമായ സാമ്‌നയിലൂടെ ഇന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശിവസേന നിയമസഭാകക്ഷിയോഗം ചേർന്നത്. ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 56 എംഎൽഎമാരും പങ്കെടുത്തു. എല്ലാ എംഎൽഎമാരും നിർദേശം അംഗീകരിച്ചു. അതേസമയം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നെന്ന വാർത്ത ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നിഷേധിച്ചു.

Exit mobile version