പശുവിന്‍ പാലില്‍ സ്വര്‍ണ്ണം; ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെ പശുവിനെയും കൂട്ടി ബാങ്കിലെത്തി കര്‍ഷകന്‍

പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതിന് പിന്നാലെ ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ കര്‍ഷകന്‍ പശുവുമായി ബാങ്കില്‍ എത്തി. പശ്ചിമ ബംഗാളിലെ മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചിലാണ് കര്‍ഷകന്‍ ലോണ്‍ എടുക്കാന്‍ എത്തിയത്. പാലില്‍ സ്വര്‍ണ്ണമുള്ളത്‌കൊണ്ട് സ്വര്‍ണ്ണ വായ്പ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ.

പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്നും അതുകൊണ്ടാണ് പാല്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്നതെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ബിജെപി നേതാവിന്റെ വാക്കുകള്‍ക്ക് പിന്നാലെ പുലിവാല്‍ പിടിച്ചത് ചില ബാങ്കുകളും ഫിനാന്‍സ് സ്ഥാപനങ്ങളുമാണ്.

ദിലീപ് ഘോഷിന്റെ വിചിത്ര പ്രസംഗം കാരണം വെട്ടിലായ മറ്റൊരാള്‍ ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിങാണ്. പാലില്‍ സ്വര്‍ണ്ണമുള്ള പശുവിനെ പണയം വെച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ് മറ്റു ചില കര്‍ഷകര്‍ക്ക് അറിയേണ്ടത്. മനോജരുടെ വീട്ടിലും നിരവധി പേരാണ് വായ്പ ലോണ്‍ ചോദിച്ച് എത്തുന്നത്.

ഇത്തരത്തിലുള്ള പ്രസംഗത്തിന് പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് അവകാശപ്പെട്ടതിന് അയാള്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിങ് പരിഹസിച്ചു.

പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ ഗോപ അഷ്ടമി ആഘോഷപരിപാടിക്കിടെയായിരുന്ന ദിലീപ് ഘോഷിന്റെ വാക്കുകള്‍. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണം ഉണ്ടെന്നും അതുകൊണ്ടാണ് പാലിന് മഞ്ഞ നിറം കാണപ്പെടുന്നതെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞിരുന്നു. മാത്രമല്ല പശുവിനെ കൊല്ലുന്നത് മഹാപരാധമാണെന്നും പശുക്കള്‍ നമ്മുടെ അമ്മയാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തിരുന്നു.

Exit mobile version