അയോധ്യ: ഐക്യം നിലനിർത്തണം; അനാവശ്യ പ്രസ്താവനകൾ നടത്തരുത്; മന്ത്രിമാർക്ക് നിർദേശം നൽകി മോഡി

ന്യൂഡൽഹി: ന്യൂഡൽഹിയിൽ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കിടയിൽ അയോധ്യ വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് ഐക്യം നിലനിർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ വിധിയെ കാണാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും വിഷയം വൈകാരികമായി നോക്കി കാണുന്നത് ഒഴിവാക്കണമെന്നും ബിജെപി പ്രവർത്തകരോടും വക്താക്കളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. പാർട്ടി എംപിമാർ തങ്ങളുടെ മണ്ഡലങ്ങളിൽ എത്തി ശാന്തമായ അന്തരീക്ഷം നിലനിർത്തണമെന്നും പാർട്ടി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.

ആർഎസ്എസും ദിവസങ്ങൾക്ക് മുമ്പ് നേതാക്കൾക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രചാരകന്മാരുടെ യോഗത്തിൽ, സംഘത്തിന്റെ മുതിർന്ന നേതാക്കൾ രാമക്ഷേത്രവിധി അനുകൂലമാണെങ്കിൽ ആഘോഷിക്കാനോ ഘോഷയാത്രകൾ നടത്താനോ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ മുതിർന്ന ആർഎസ്എസ്, ബിജെപി നേതാക്കൾ ചൊവ്വാഴ്ച മുസ്ലിം പുരോഹിതന്മാരുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി. നേരത്തെ, ഒക്ടോബർ 27 ന് മാൻ കി ബാത്തിലും പ്രധാനമന്ത്രി അയോധ്യ കേസ് പരാമർശിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നവംബർ 17 ന് വിരമിക്കുന്നതിനുമുമ്പ് അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കും.

Exit mobile version