ജയലളിതയുടെ ബയോപിക്; ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ജസ്റ്റിസ് കല്യാണസുന്ദരമാണ് നവംബര്‍ 14ന് ഹാജരാകാനായി സംവിധായകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. സംവിധായകര്‍ എഎല്‍ വിജയ്, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. ജസ്റ്റിസ് കല്യാണസുന്ദരമാണ് നവംബര്‍ 14ന് ഹാജരാകാനായി സംവിധായകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ മാസം ആദ്യമാണ് ദീപ ജയലളിതയുടെ ജീവിത കഥയായി ഒരുങ്ങുന്ന രണ്ട് പ്രൊജക്ടുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രണ്ട് സംവിധായകരും ബയോപിക് ചിത്രങ്ങള്‍ ഒരുക്കാന്‍ തങ്ങളോട് അനുമതി വാങ്ങിയിട്ടില്ലെന്നും ചിത്രം കുടുംബ സ്വകാര്യത തകര്‍ക്കുമെന്നുമാണ് ദീപ ഹര്‍ജിയില്‍ പറഞ്ഞത്.

എഎല്‍ വിജയ് ‘തലൈവി’ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി കങ്കണയാണ് ജയലളിതയുടെ വേഷത്തില്‍ എത്തുന്നത്. ‘ക്വീന്‍’ എന്ന പേരില്‍ വെബ് സീരിസാണ് ഗൗതം മേനോന്‍ ഒരുക്കുന്നത്.

Exit mobile version