‘അവര്‍ വിഷവാതകം അയക്കുന്നു’ നഗരത്തെ വലച്ച അന്തരീക്ഷ മലിനീകരണത്തിന് കാരണം പാകിസ്താനും ചൈനയുമാണെന്ന് ബിജെപി നേതാവ്

എല്ലാ വര്‍ഷവും പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കാറുണ്ട്.

മീററ്റ്: ഡല്‍ഹി നഗരത്തെ വലച്ച അന്തരീക്ഷ മലിനീകരണത്തിന് പുതിയ കാരണം കണ്ടെത്തി ബിജെപി നേതാവ്. പാകിസ്താനും ചൈനയും വിഷവാതകം അയക്കുന്നുവെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് വിനീത് ശ്രദ്ധ പറയുന്നത്. രാജ്യത്തേക്ക് ഇസ്‌ലാമാബാദില്‍ നിന്നും ബീജിയിങില്‍ നിന്നും വിഷ വാതകം അയക്കുന്നുവെന്ന് നേതാവ് പറയുന്നു.

എല്ലാ വര്‍ഷവും പഞ്ചാബിലും ഹരിയാനയിലും വൈക്കോല്‍ കത്തിക്കാറുണ്ട്. എന്നാല്‍ മലിനീകരണം കൂടുന്നു. എനിക്ക് തോന്നുന്നില്ല വൈക്കോല്‍ കത്തിക്കുന്നത് കൊണ്ടാണ് ഈ മലിനീകരണമെന്നും വിനീത് പറയുന്നു. ഇന്ത്യയിലേക്ക് വിഷവാതകം അയക്കുന്ന പാകിസ്താന്റെ ഗൂഢാലോചനയാണോ ഇതെന്ന് നമ്മള്‍ നിര്‍ബന്ധമായും ആലോചിച്ചേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവര്‍ക്ക് ഇന്ത്യക്കെതിരെ ഒരു യുദ്ധം വിജയിക്കാന്‍ കഴിയില്ല, പാകിസ്താന്‍ ഇന്ത്യക്കെതിരെ യുദ്ധം നടക്കുകയാണെങ്കില്‍ അവര്‍ തോല്‍ക്കുമെന്നും അതിനാലാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും വിനീത് ശ്രദ്ധ പറഞ്ഞു. മറ്റൊരു വീഡിയോയില്‍ വിനീത് ശ്രദ്ധ ചൈനയെയും കുറ്റപ്പെടുത്തുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്. പക്ഷേ ഞാന്‍ കരുതുന്നത് പാകിസ്താനെതിരെ നമ്മള്‍ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണെന്നും വിനീത് തുറന്ന് പറഞ്ഞു.

Exit mobile version