പൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്ന വൈദ്യുത ഓഫീസ് ജീവനക്കാർ; യുപിയിൽ നിന്നുള്ള കാഴ്ച ഇങ്ങനെ

ലഖ്‌നൗ: വൈദ്യുത ഓഫീസിലെ ജീവനക്കാർ ഹെൽമെറ്റ് ധരിച്ച് ഓഫീസിനകത്തിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബാണ്ഡയിലെ വൈദ്യുതി ഓഫീസിൽനിന്നുള്ള ചിത്രങ്ങളാണിത്. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനകത്ത് ജീവൻ പണയം വെച്ചാണ് ജീവനക്കാരുടെ ജോലി ചെയ്യൽ. കെട്ടിടം മാത്രമല്ല, ഓഫീസിലെ ഫർണീച്ചറുകൾ മുഴുവനും നശിച്ച നിലയാണ്. ഓഫീസിലെ ഫയലുകൾ പോലും സൂക്ഷിക്കാൻ ഇടമില്ല.

ഇടിഞ്ഞുവീഴാറായ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിനകത്ത് ജോലി ചെയ്യുന്നതിനിടെ മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നുവീഴുന്നത് സ്ഥിരമാണ്. അതുകൊണ്ട് തന്നെ മാരകമായ അപകടം സംഭവിച്ചാലും ജീവൻ നിലനിർത്താനാണ് ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.

തങ്ങളുടെ ദുരവസ്ഥ നിരവധി തവണ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തങ്ങളിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാലേ അവർ പുനർനിർമാണം നടത്തുകയുള്ളൂവെന്നാണ് ഒരു ജീവനക്കാരന്റെ പ്രതികരണം. മഴക്കാലത്ത് കുട ചൂടിയാണ് ഓഫീസിൽ ജോലിചെയ്യാറുള്ളതെന്ന് മറ്റൊരു ജീവനക്കാരനും പറഞ്ഞു.

Exit mobile version