നിരവധി തവണ കയറി ഇറങ്ങിയിട്ടും രേഖകൾ ശരിയായില്ല; റവന്യൂ ഉദ്യോഗസ്ഥയെ ഓഫീസിനകത്ത് വെച്ച് തീവെച്ച് കൊലപ്പെടുത്തി അപേക്ഷകൻ

ഹൈദരാബാദ്: ഭൂരേഖകളിലെ തെറ്റ് തിരുത്തി നൽകുന്നതിൽ വന്ന കാലതാമസവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് തെലങ്കാനയിൽ വനിതാ റവന്യൂ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ ഓഫീസിൽവച്ച് ചുട്ടുകൊന്നു. വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ വിജയ റെഡ്ഡിയെയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള അബ്ദുല്ലാപുർമേട്ടിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭൂരേഖകളിലെ തെറ്റ് തിരുത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് വന്ന വ്യക്തിയാണ് ഉദ്യോഗസ്ഥയെ വധിച്ചത്.
വിജയയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ രണ്ട് സഹപ്രവർത്തകർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

പരാതിയുമായി ബന്ധപ്പെട്ട് വിജയയുടെ മുറിയിലെത്തിയ പരാതിക്കാരൻ അരമണിക്കൂറോളം സംസാരിച്ചു. അതിനിടെ തർക്കിച്ച വിജയയെ യുവാവ് കൈയ്യിലുണ്ടായിരുന്ന കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ശരീരം മുഴുവൻ പൊള്ളലേറ്റ വിജയ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് പൊള്ളലേറ്റിട്ടില്ല.

ഒളിവിൽപ്പോയ പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. ഭൂരേഖകൾ ഡിജിറ്റലാക്കിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നയാളാണ് അക്രമം നടത്തിയതെന്നാണ് വിവരം.

Exit mobile version