ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ സോഷ്യല്‍ മീഡിയ വഴി റിക്രൂട്ട് ചെയ്തു; യുവതി പിടിയില്‍

ചില യുവാക്കള്‍ക്ക് ഇവര്‍ ആയുധങ്ങള്‍ കൈമാറിയിരുന്നു എന്നും, പോലീസിനെ വിശ്വസിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ജമ്മുകാശ്മീര്‍: യുവാക്കളെ ഭീകരവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തെന്ന ആരോപണത്തില്‍ യുവതി പോലീസ് പിടിയില്‍. ഷാസിയ നയ്ദ് ഖായിയാണ് അറസ്റ്റിലായത്. ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയിലേക്ക് ഫേസ്ബുക്കുവഴിയാണ് ഇവര്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ഭീകര പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു സ്ത്രീ അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണെന്നും പോലീസ് അറിയിച്ചു.

ചില യുവാക്കള്‍ക്ക് ഇവര്‍ ആയുധങ്ങള്‍ കൈമാറിയിരുന്നു എന്നും, പോലീസിനെ വിശ്വസിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ച് ഭീകര സംഘടനകളെ കുറിച്ച് ചെറിയ വിവരങ്ങള്‍ പോലീസിനു നല്‍കി അവരുടെ വിശ്വസ്തയായി മാറിയ ഷാസിയ പോലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി ഭീകര സംഘടനകള്‍ക്കു നല്‍കുകയായിരുന്നു.

വിശുദ്ധ യുദ്ധത്തിന് തയ്യാറായി ആയുധമേന്താന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരുടെ ഫേസ്ബുക്കില്‍ കണ്ടെത്തിയതോടെയാണ് ഇവരെ നിരീക്ഷിച്ചതും ഒടുവില്‍ അറസ്റ്റ് ചെയ്തതും.

Exit mobile version