പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം; അന്വേഷണം ആവശ്യപ്പെടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് സ്പൈവേര്‍ ഉപയോഗിച്ചാണ് പ്രിയങ്കയുടെ ഫോണും ചോര്‍ത്തിയിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്ററി സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്റിങ് കമ്മിറ്റിയിലും ശശി തരൂര്‍ അധ്യക്ഷനായ ഐടി മന്ത്രാലയ സ്റ്റാന്റിങ് കമ്മിറ്റിയിലുമാണ് ഫോണ്‍ചോര്‍ത്തല്‍ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ പതിനഞ്ചിനാണ് ആഭ്യന്തര മന്ത്രാലയ സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം. അതേസമയം സൈബര്‍ ഹാക്കിങ് ഗൗരവത്തോടെയാണ് കാണുന്നതെന്നും സര്‍ക്കാരിനോട് വ്യക്തത തേടുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് സ്പൈവേര്‍ ഉപയോഗിച്ചാണ് പ്രിയങ്കയുടെ ഫോണും ചോര്‍ത്തിയിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്സ് ആപ്പില്‍നിന്ന് ലഭിച്ചിരുന്നു. മറ്റുപലര്‍ക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെയായിരുന്നു ഇതെന്നും സുര്‍ജേവാല പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ലോക്സഭാ മുന്‍ എംപി സന്തോഷ് ഭാരതീയ എന്നിവര്‍ അടക്കമുള്ള വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Exit mobile version