പ്രിയങ്ക ഗാന്ധിയുടെ ഫോണും ഇസ്രയേൽ ചോർത്തി; മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വിവാദമായ വാട്‌സ്ആപ്പ് രേഖാ ചോർത്തലുകൾക്ക് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇരയായിരുന്നെന്ന് പരാതി. ഇസ്രയേൽ കമ്പനിയുടെ പെഗാസസ് സ്‌പൈവേർ ഉപയോഗിച്ച് പ്രിയങ്കയുടെ ഫോണിലെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പാർട്ടി വക്താവ് രൺദീപ് സുർജേവാലയാണ് വാർത്താ സമ്മേളനത്തിൽ ഈ ആരോപണം ഉന്നയിച്ചത്. വിവരങ്ങൾ ചോർത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്‌സാപ്പിൽനിന്ന് ലഭിച്ചിരുന്നു. മറ്റുപലർക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെയായിരുന്നു ഇതെന്നും സുർജേവാല പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെയും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെയും വിവരങ്ങളും പ്രതിപക്ഷത്തെ പല നേതാക്കളുടെ വിവരങ്ങളും ബിജെപി സർക്കാർ ചോർത്തുന്നുവെന്ന ആരോപണം കോൺഗ്രസ് വക്താവ് നേരത്തെതന്നെ ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ.

മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ, ലോക്‌സഭാ മുൻ എംപി സന്തോഷ് ഭാരതീയ എന്നിവർ അടക്കമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Exit mobile version