ചാന്ദ്രയാൻ-3 ഉടൻ; സോഫ്റ്റ് ലാന്റിങ് സാധ്യമാക്കാനും ഊർജ്ജിത ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ ചെയർമാൻ

ന്യൂഡൽഹി: പരാജയപ്പെട്ട ചാന്ദ്രയാൻ-2 ചന്ദ്രനിലിറങ്ങാനുള്ള ഇന്ത്യയുടെ അവസാന ശ്രമമായിരുന്നില്ലെന്ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ മേധാവി കെ ശിവൻ. ചന്ദ്രനെ ലക്ഷ്യം വെച്ച് സമീപഭാവിയിൽ തന്നെ ഐഎസ്ആർഒ മറ്റൊരു ശ്രമം കൂടി നടത്തുമെന്നും അദ്ദേഹം ഡൽഹി ഐഐടിയിലെ ഒരു ചടങ്ങിനിടെ പറഞ്ഞു.

നിങ്ങൾ ചാന്ദ്രയാൻ 2 നെ പറ്റി അറിഞ്ഞിട്ടുണ്ടാവും. സോഫ്റ്റ് ലാൻഡിങ് വിജയകരമാക്കാൻ നമുക്ക് സാധിച്ചില്ല. എന്നാൽ ചന്ദ്രോപരിതലത്തിന് 300 മീറ്റർ അകലെ വരെ എല്ലാം സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നു. കാര്യങ്ങൾ ശരിയാക്കാൻ ആവശ്യമായ അമൂല്യമായ വിവരങ്ങൾ ലഭ്യമാണ്. ഐഎസ്ആർഒ അതിന്റെ അനുഭവ പരിചയവും അറിവും സാങ്കേതിക വൈദഗ്ദ്യവും ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സമീപഭാവയിൽ തന്നെ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചാന്ദ്രയാൻ കഥയുടെ അവസാനമല്ല. ആദിത്യ എൽ1 സോളാർ മിഷൻ, മനുഷ്യന്റെ ബഹിരാകാശ സഞ്ചാര പദ്ധതി എന്നിവയ്ക്കായുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) ആദ്യ വിക്ഷേപണം ഡിസംബറിലോ ജനുവരിയിലോ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version